kozhikode local

ദലിത് യുവാവിന്റെ മരണം: പോലിസ് അനാസ്ഥയ്‌ക്കെതിരേ പട്ടികജാതി ക്ഷേമസമിതി

മുക്കം: ദലിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ്സിന് പിന്നാലെ പോലിസിനെതിരേ പ്രതിഷേധവുമായി സിപിഎം പോഷക സംഘടനയായ പട്ടികജാതി ക്ഷേമസമിതിയും രംഗത്ത്. അഗസ്ത്യന്‍ മുഴി മുള്ളമ്പലത്ത് കണ്ടി അഖിലേഷ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി പട്ടികജാതി ക്ഷേമസമിതി പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് അഖിലേഷ് ആത്മഹത്യ ചെയ്തത്.
മരിക്കുന്നതിന് തലേ ദിവസം അഖിലേഷിനെ ഒരു സംഘം ക്രൂരമായി മര്‍ദിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് ബന്ധുക്കളും ,നാട്ടുകാരും, ദലിത് സംഘടനകളും ആരോപിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അഖിലേഷിന്റെ അച്ഛനും പട്ടികജാതി ക്ഷേമ സമിതിയും ഉന്നതപോലിസ് ഉദ്യോഗസ്ഥര്‍ക്കും പട്ടികജാതി കമ്മീഷനും പരാതി നല്‍കിയങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തങ്കിലും പ്രതികളെ അറസ്റ്റു ചെയ്യാത്തതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. കേസില്‍ സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പോലിസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മുക്കം മണ്ഡലം കമ്മറ്റി രംഗത്തു വന്നിരുന്നു.
ഒരേ സമയം അഖിലേഷിന്റെ കുടുംബത്തോടും, പ്രതികളോടും ഒപ്പം നിന്ന് സിപിഎം. ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസ് ആക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലിസിന്റയും ആഭ്യന്തര വകുപ്പിന്റെയും വീഴ്ചക്കെതിരെ പികെഎസ് നേതൃത്വത്തില്‍ മുക്കത്ത്പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചിരിക്കുന്നത്. പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടമായി പ്രതിഷേധ റാലി നടത്തി. മുക്കം മത്തായി ചാക്കൊ സ്മാരകത്തില്‍ നിന്ന് ആരംഭിച്ച റാലി മുക്കം ആശുപത്രി ജങ്ഷന്‍ ചുറ്റി ടൗണില്‍ സമാപിച്ചു.
പികെഎസ് ജില്ലാ വൈസ് പ്രസിഡന്റ് പി ടി ബാബു ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ ടി ബിനു, നീലേശ്വരം ലോക്കല്‍ സെക്രട്ടറി ഇ കെ രാജന്‍, പികെഎസ് ഏരിയാ പ്രസിഡന്റ് കെ സി നാടികുട്ടി സംസാരിച്ചു. വി ലീല,കെ പി കുഞ്ഞന്‍, സി എ പ്രദീപ്, കെ പി ചെറുനാഗന്‍, പി ഭാസകരന്‍, ശ്രീധരന്‍ തെച്യാട്, ഒ സുബീഷ് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it