malappuram local

ദലിത് യുവാവിനെ പോലിസ് മര്‍ദ്ദിച്ചതായി പരാതി

അരീക്കോട്: ദളിത് യുവാവിനെ പോലിസ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. കിഴുപറമ്പ് പഞ്ചായത്തിലെ ഒന്നാംവാര്‍ഡ് മെമ്പര്‍ എടപ്പള്ളിയാളി കൃഷ്ണന്റെ മകന്‍ പ്രകാശനെയാണ് അരീക്കോട് പോലിസ് തടഞ്ഞുവച്ച് മര്‍ദ്ദിച്ചത്.
അക്രമത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിനാളുകള്‍ അരീക്കോട് പോലിസ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. നാട്ടുകാരനായ പോലിസുകാരന്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയായിരുന്നുവെന്ന് മാര്‍ച്ച് നടത്തിയവര്‍ പറഞ്ഞു. വാര്‍ഡില്‍ യുഡിഎഫ് വിജയാഹ്ലാദപരിപാടിക്കായി വാഹനത്തില്‍ ഡീസല്‍ നിറക്കുന്നതിന് വേണ്ടി എടവണ്ണപ്പാറയിലേക്ക് പോകവെ കിണറ്റിന്‍കണ്ടിയില്‍വച്ച് ബൈക്കിലെത്തിയ പോലിസ് വാഹനം കൈകാണിച്ച് നിര്‍ത്തുകയും പ്രകാശനെ വാഹനത്തില്‍ നിന്ന് വലിച്ചറക്കി മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് പരാതി. അക്രമത്തില്‍ യുവാവിന്റെ ഇടത് കൈയിന്റെ എല്ല് പൊട്ടുകയും മൂക്കിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അബോധാവസ്ഥയിലായിരുന്ന പ്രകാശനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അക്രമം കാണിച്ച പോലിസുകാര്‍ക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് നതാക്കള്‍ പറഞ്ഞു. മാട്ടതൊടി അബ്ദു, ഉമ്മര്‍ പുതുക്കുടി, അബൂഷാക്കിര്‍, ഉബൈദുള്ള, വൈസി മഹബൂബ്, അബ്ബാസ്, നിസാം, സി ടി ശിവദാസന്‍ നേത്യത്വം നല്‍കി.
Next Story

RELATED STORIES

Share it