ദലിത് യുവതിയെ പീഡിപ്പിച്ച കേസ്: വൈദികന് ഏഴുവര്‍ഷം കഠിന തടവും പിഴയും

മഞ്ചേരി: കൗണ്‍സലിങിനെത്തിയ ദലിത് യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ വൈദികന് ഏഴുവര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. മഞ്ചേരി എസ്‌സി കോടതി ജഡ്ജി കെ സുഭദ്രാമ്മയാണ് വിധിച്ചത്. ചുങ്കത്തറ പള്ളിക്കുത്ത് പടിഞ്ഞാറ്റുംപാടം കിഴക്കേതില്‍ പാസ്റ്റര്‍ തോമസ് മാത്യു (56) വിനെയാണ് ഏഴുവര്‍ഷത്തെ കഠിന തടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
പിഴ സംഖ്യയില്‍ നിന്ന് 50,000 രൂപ പീഡനത്തിരയായ യുവതിക്ക് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. പത്താംക്ലാസ് പഠനത്തിന് ശേഷം മാനസിക അസുഖം ബാധിച്ച യുവതിയെ മാതാപിതാക്കള്‍ വൈദികന്റെ കൗണ്‍സലിങ് സെന്ററില്‍ കൊണ്ടുപോയി ചികില്‍സിച്ചിരുന്നു. കൗണ്‍സലിങ് നടത്തുന്നതിനിടെ 2012 ഡിസംബര്‍ മുതല്‍ 2014 വെരയുള്ള കാലത്താണ് കേസിനാസ്പദമായ സംഭവം.
യുവതിയെ ചികില്‍സയുടെ ഭാഗമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പീഡന ശ്രമം നടത്തിയെന്നും സംഭവം പുറത്തു പറയരുതെന്ന് നിര്‍ദേശിച്ചുവെന്നുമാണ് കേസ്. രണ്ടുതവണ യുവതിയ ബലാല്‍സംഗത്തിന് വിധേയമാക്കിയതോടെ കൗണ്‍സലിങ് സെന്ററില്‍ പോകാതായി. തുടര്‍ന്ന് യുവതിയുടെ വീട്ടില്‍ ആളില്ലാത്ത സമയത്ത് വൈദികന്‍ വന്നുപോവുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ എടക്കര പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ കെ അബ്ദുല്ലക്കുട്ടി ഹാജരായി.
Next Story

RELATED STORIES

Share it