Kollam Local

ദലിത് യുവതിയായ പഞ്ചായത്ത് ്രപസിഡന്റിനെതിരേയുള്ള ആര്‍എസ്എസ് ആക്രമണം; പോലിസ് നടപടിയില്‍ വ്യാപക പ്രതിഷേധം

കൊല്ലം: തൃക്കോവില്‍വട്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആശാ ചന്ദ്രനെ ആര്‍എസ്എസുകാര്‍ വീടുകയറി ആക്രമിച്ചതിനെതിരേയുള്ള പരാതിയിലെ പോലിസ് നടപടിയില്‍ പ്രതിഷേധം വ്യാപകം. പുറമ്പോക്ക് സ്ഥലം ആര്‍എസ്എസുകാര്‍ കയ്യേറി ആരാധന നടത്തുകയും ശാഖ തുടങ്ങുകയും ചെയ്തത് ചോദ്യം ചെയ്തതിനെയായിരുന്നു മര്‍ദ്ദനം. എന്നാല്‍ സംഭവത്തില്‍ പരാതിയുമായെത്തിയ തന്നെ കൊട്ടിയം പോലിസ് എസ്‌ഐ അനൂപിന്റെ നേതൃത്വത്തില്‍ ആക്ഷേപിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. സംഭവം വിശദീകരിച്ചപ്പോള്‍ 'പരാതി എഴുതി തന്നിട്ട് പൊയ്‌ക്കോ' എന്നായിരുന്നു എസ്‌ഐ അനൂപിന്റെ മറുപടി. ഇതിനിടെ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാനും പോലിസ് ശ്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ പഞ്ചായത്ത് പ്രസിഡന്റിന്റെ മൊഴിയെടുക്കാന്‍ പോലിസ് വിസമ്മതിച്ചതിനെ തുടര്‍ന്ന് എല്‍ഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ പൊലിസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷത്തിന് അയവുവന്നത്. കൊട്ടിയം എസ്‌ഐ അനൂപിന്റെ വര്‍ഗീയ പ്രീണന നയത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കുറ്റവാളികളെ അറസ്റ്റ്‌ചെയ്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്. കുരീപ്പള്ളി കെഐപി കനാലിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് സ്ഥലം ആര്‍എസ്എസുകാര്‍ ഒരാഴ്ചയ്ക്ക് മുന്‍പ് അനധികൃതമായി വളഞ്ഞുകെട്ടി ആരാധന തുടരുകയും ശാഖയുടെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു.

കയ്യേറിയ സ്ഥലം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കെഐപി അധികൃതര്‍ പഞ്ചായത്തിന് കത്ത് നല്‍കി. ഇതേ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്ത് എത്തുകയും വിഗ്രഹം മാറ്റി പഴയ സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ശാഖയിലുണ്ടായിരുന്ന ആര്‍എസ്എസുകാര്‍ അസഭ്യം പറഞ്ഞ് അവരെ പിന്തിരിപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകരായ സണ്ണി, രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പത്തംഗസംഘം സമീപത്തുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലെത്തി. അസഭ്യവര്‍ഷം നടത്തുകയും ജനല്‍പാളികളും കതകും തല്ലിതകര്‍ക്കുകയും ചെയ്തു. 'രാത്രിയില്‍ ഉറങ്ങാന്‍ സമ്മിതിക്കില്ല, ഭര്‍ത്താവിനെ കൊല്ലും, വീടും തീയിടും' എന്ന് ഭീഷണി മുഴക്കിയശേഷം ആശാ ചന്ദ്രനെ പിടിച്ചു തള്ളുകയും അവരുടെ സാരി പിടിച്ചുവലിക്കുകയും ചെയ്തു. ഒരു സ്ത്രീയും അക്രമിസംഘത്തിലുണ്ടായിരുന്നു. കൂടുതല്‍ ആള്‍ക്കാര്‍ എത്തിയപ്പോഴേക്കും സംഘം കടക്കുകയായിരുന്നു. മൊഴിയെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. സംഭവം അറിഞ്ഞ് ചാത്തന്നൂര്‍ സിഐ ജോഷി സ്ഥലത്തെത്തി. സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി റെക്‌സ് ബോബി അര്‍വിന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് മൊഴിയെടുക്കാന്‍ പൊലീസ് തയ്യാറായത്. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ച് നേതാക്കള്‍ മടങ്ങി.
മൂന്ന് ദിവസത്തിനുള്ളില്‍ കയ്യേറ്റം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കെഐപി അധികൃതര്‍ ആര്‍എസ്എസ് ശാഖാ ഭാരവാഹികള്‍ക്ക് കത്ത് നല്‍കിയിരുന്നതായി ആശാ ചന്ദ്രന്‍ വ്യക്തമാക്കി.
സ്ഥലം പുറമ്പോക്കാണെന്ന് പഞ്ചായത്ത് സമിതി റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് തന്റെ നേര്‍ക്ക് കയ്യേറ്റശ്രമം നടന്നത്. തന്നെ ഏറ്റവും വേദനിപ്പിച്ചത് പോലിസിന്റെ അവഗണനയാണെന്ന് അവര്‍ പറഞ്ഞു.
പട്ടികജാതിക്കാരിയായ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട് അടിച്ചുതകര്‍ക്കുകയും അവരെ അധിക്ഷേപിക്കുകയും ചെയ്ത പ്രതികള്‍ക്കെതിരേ പട്ടികജാതി പീഡനനിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it