ദലിത് യുവതികളെ ജയിലിലടച്ച സംഭവം: എസ്‌ഐക്കും മജിസ്‌ട്രേറ്റിനും എതിരേ പരാതി

തലശ്ശേരി: കുട്ടിമാക്കൂല്‍ സംഭവത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ആരോപിച്ച് തലശ്ശേരി എസ്‌ഐ—ക്കെതിരേ പോലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന് രാജന്റെ മകള്‍ എന്‍ അഖില പരാതി നല്‍കി. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അവധിയിലാണെന്നറിഞ്ഞിട്ടും പകരം ചുമതല വഹിക്കുന്ന കണ്ണൂര്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ്(രണ്ട്) മുമ്പാകെ വൈകീട്ട് നാലരയോടെയാണ് ഹാജരാക്കിയത്. ഇത് കരുതിക്കൂട്ടി ആരുടെയൊ താല്‍പര്യമനുസരിച്ച് ഞങ്ങളെയും ഒന്നര വയസ്സുകാരിയായ കൈക്കുഞ്ഞിനെയും ജയിലിലടയ്ക്കുക എന്ന താല്‍പര്യത്തിലാണെന്നാണു പരാതിയിലുള്ളത്. സുപ്രിംകോടതി നിര്‍ദേശം കാറ്റില്‍ പറത്തിയാണ് ഒന്നര വയസ്സുള്ള കുഞ്ഞിനെയടക്കം ജയിലിലടച്ചത്. തങ്ങളെ മര്‍ദ്ദിക്കുന്നതിന് പങ്കാളിയായ ഷിജിലിന്റെ ഹരജിയിലാണ് വ്യാജ കേസ് രജിസ്റ്റര്‍ ചെയ്തത്. പട്ടികജാതി വിഭാഗത്തില്‍പെട്ട വ്യക്തികളെന്ന നിലയിലും പോലിസ് പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെയാണ് പെരുമാറിയത്. മാത്രമല്ല, തങ്ങള്‍ക്കെതിരേ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയത് അന്യായമാണെന്നും പരാതിയിലുണ്ട്. അതിനിടെ ജാമ്യാപേക്ഷയില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് നിരുത്തരവാദപരമായ നിലപാട് സ്വീകരിച്ചെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്ട്രാര്‍ക്കും അഖില പരാതി നല്‍കി. കൈക്കുഞ്ഞിനെ ജയിലിലടയ്ക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധന ഉറപ്പ് വരുത്തിയില്ലെന്നും പോലിസ് സ്‌റ്റേഷനില്‍ 4 മണിക്കൂര്‍ നേരം തുടര്‍ച്ചയായി ചോദ്യം ചെയ്തതും പരിശോധിക്കാതെയാണ് ജയിലിലടച്ചതെന്നും വിഷയം വിവാദമായപ്പോള്‍ നേരത്തേ നല്‍കിയ ജാമ്യാപേക്ഷയില്‍ തന്നെ മജിസ്‌ട്രേറ്റ് ഞങ്ങള്‍ക്ക് ജാമ്യം നല്‍കുകയായിരുന്നുവെന്നും അഖില രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. അതിനാല്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
Next Story

RELATED STORIES

Share it