ദലിത് യുവതികളുടെ അറസ്റ്റ്: അന്വേഷണത്തിന് പ്രത്യേകസംഘം

കണ്ണൂര്‍: തലശ്ശേരിക്കു സമീപം കുട്ടിമാക്കൂലില്‍ സഹോദരിമാരായ ദലിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവം വിവാദമായതോടെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതുസംബന്ധിച്ച നാലു കേസുകള്‍ അന്വേഷിക്കാനാണ് തലശ്ശേരി ഡിവൈഎസ്പി സാജു പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയത്.
സിപിഎം പ്രവര്‍ത്തകര്‍ പെ ണ്‍കുട്ടികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന കേസ്, പെണ്‍കുട്ടികളുടെ വീടിനുനേരെ ഉണ്ടായ ആക്രമണം, പെണ്‍കുട്ടികള്‍ ഓഫിസില്‍ കയറി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ആക്രമിച്ചെന്ന കേസ്, ജയില്‍മോചിതരായ ശേഷം യുവതികളിലൊരാള്‍ ആത്മഹത്യാശ്രമം നടത്തിയ കേസ് എന്നിവയാണ് സംഘം അന്വേഷിക്കുക. ഇതിനുപുറമെ, അന്വേഷണ പുരോഗതി ഓരോ ദിവസവും വിലയിരുത്താന്‍ കണ്ണൂര്‍ മേഖലാ ഡിഐജി ദിനേന്ദ്ര കശ്യപിനും ഉത്തരമേഖല എഡിജിപി സുധേഷ്‌കുമാറിനും ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ദലിത് സഹോദരിമാരുടെ കുടുംബം നേരിടുന്ന രാഷ്ട്രീയ പീഡനങ്ങളെ കുറി ച്ചറിയാന്‍ എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയെ തലശ്ശേരിയിലെത്തിക്കാന്‍ കോ ണ്‍ഗ്രസ് തീവ്രശ്രമം തുടങ്ങി.
അടുത്ത ദിവസം തന്നെ തലശ്ശേരിയിലെത്തിച്ച് വിഷയത്തിനു ദേശീയപ്രാധാന്യം നല്‍കാനാണ് കോണ്‍ഗ്രസ് നീക്കം. രാഹുലിനൊപ്പം ദേശീയ മാധ്യമങ്ങള്‍ കൂടിയുണ്ടാവുമെന്നതിനാല്‍ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലയിലെ അക്രമരാഷ്ട്രീയം പൊതുജന ശ്രദ്ധയില്‍പ്പെടുത്തുകയെന്നത് എളുപ്പമാവുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
ജയിലില്‍ നിന്നു പുറത്തുവന്ന ശേഷം തനിക്കും കുടുംബത്തിനുമെതിരേ സമൂഹമാധ്യമങ്ങളിലും ചാനല്‍ചര്‍ച്ചകളിലും സിപിഎം നേതാക്കളില്‍ ചിലര്‍ അപവാദ പ്രചാരണം നടത്തുകയാണെന്നും ഇത്തരം പരാമര്‍ശങ്ങളാണ് തന്നെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നും യുവതി രാഹുല്‍ഗാന്ധിയോട് ടെലിഫോണില്‍ അറിയിച്ചിരുന്നു. സിപിഎമ്മിന്റെ ഇത്തരം പ്രവൃത്തികള്‍ക്കു മുന്നില്‍ മുട്ടുമടക്കരുതെന്നും ഇന്ത്യയിലെ കോണ്‍ഗ്രസ് പ്രസ്ഥാനം ഒപ്പമുണ്ടാവുമെന്നും രാഹുല്‍ഗാന്ധി അഞ്ജനയെ അറിയിച്ചിരുന്നു. ഇതിനു ശേഷമാണ് ഇരുവരെയും കാണാന്‍ തലശ്ശേരിയിലെത്തുമെന്ന വിവരം രാഹുല്‍ഗാന്ധി അറിയിച്ചത്.

വനിതാ കമ്മീഷന്‍ മൊഴിയെടുത്തു

തലശ്ശേരി: ജാതിപ്പേരു വിളിച്ചാക്ഷേപിച്ചെന്ന് ആരോപിച്ച് സിപിഎം ഓഫിസില്‍ കയറി പ്രവര്‍ത്തകനെ ആക്രമിച്ചെന്ന കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം ആത്മഹത്യക്കു ശ്രമിച്ച ദലിത് യുവതി കനിയില്‍ അഞ്ജനയില്‍ നിന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ മൊഴിയെടുത്തു. ഇന്നലെ ഉച്ചയോടെ ഇവരുടെ വീട്ടിലും ആശുപത്രിയിലുമെത്തിയാണു മൊഴിയെടുത്തത്. സംഭവത്തില്‍ പട്ടികവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തതിനാല്‍ വനിതാ കമ്മീഷന്‍ പ്രത്യേകം കേസെടുക്കുന്നില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
വ്യക്തിഹത്യക്ക് ഇരയായതിലും ജയിലില്‍ പോവേണ്ടിവന്നതിലും നേരിട്ട മനോവിഷമത്തിലാണ് ആത്മഹത്യക്കു ശ്രമിച്ചതെന്ന് അഞ്ജന പറഞ്ഞു. അഞ്ജനയും സഹോദരി അഖിലയും സിപിഎം ഓഫിസില്‍ കയറി അക്രമം നടത്തിയെന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. ഇരുവരെയും ജയിലിലടച്ചതു നിര്‍ഭാഗ്യകരമാണ്. സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തതും ദൗര്‍ഭാഗ്യകരം. വനിതാ കമ്മീഷനു രാഷ്ട്രീയമില്ല. ഒരു ഭാഗം മാത്രം കേട്ട് അഭിപ്രായം പറയുന്നില്ലെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it