Flash News

ദലിത്-മറാത്ത സംഘര്‍ഷം: മഹാരാഷ്ട്രയില്‍ ഇന്ന് ബന്ദ്

മുംബൈ: മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. ബന്ദിനെതുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. അക്രമമുണ്ടായ സ്ഥലങ്ങളില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു.
മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ ഭീമ കൊരേഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികാചരണത്തില്‍ പങ്കെടുക്കാനെത്തിയ ദലിതര്‍ക്കു നേരെ നടന്ന ആക്രമണത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് സാമുദായിക സംഘര്‍ഷം പടര്‍ന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് മുംബൈ നഗരത്തിന്റെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 28കാരനായ രാഹുല്‍ ഫതങ്കെലയാണു മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊരേഗാവില്‍ തിങ്കളാഴ്ച ആരംഭിച്ച സംഘര്‍ഷമാണ് ഇന്നലെ നഗരത്തിലേക്കു പടര്‍ന്നത്. സംഭവത്തില്‍ വിവിധയിടങ്ങളില്‍ നിന്നായി 100ലധികം പേര്‍ അറസ്റ്റിലായതായി പോലിസ് അറിയിച്ചു.
ഇന്നലെ രാവിലെ വിവിധ ദലിത് സംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ ഈസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ നിശ്ചലമായി. ഉച്ചയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. സംഘര്‍ഷം രൂക്ഷമായ ചെമ്പൂര്‍, വിക്രോളി, മന്‍കുര്‍ഡ്, ഗോവണ്ടി എന്നിവിടങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ ബലംപ്രയോഗിച്ച് അടപ്പിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു.
പ്രതിഷേധക്കാര്‍ പ്രധാന പാതകള്‍ ഉപരോധിച്ചതോടെ നഗരത്തിലെ പ്രധാന ഭാഗങ്ങളടക്കം നിശ്ചലമായി. കുര്‍ള വാഷി പാതയിലെ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും ഛത്രപതി ശിവജികുര്‍ള പാതയില്‍ ഭാഗികമായും സര്‍വീസുകള്‍ റദ്ദാക്കി. നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കിയ അക്രമങ്ങള്‍ക്കിടെ അമര്‍ മഹല്‍ പ്രദേശത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണമുണ്ടായി.
തിങ്കളാഴ്ച ഭീമ കൊരേഗാവ് വിജയദിനത്തില്‍ പങ്കെടുക്കാനെത്തിയ ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരേ മറാത്താ വിഭാഗക്കാര്‍ നടത്തിയ അക്രമമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കാവിക്കൊടിയേന്തി വന്ന ഹിന്ദുത്വ സംഘടനകളാണ് അക്രമത്തിന് നേതൃത്വം കൊടുത്തത്. തുടര്‍ന്ന് ഇന്നലെയും ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. അനിഷ്ടസംഭവങ്ങളെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
അതേസമയം, സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.
കൊരേഗാവില്‍ സംഭവിച്ചത് രാജ്യം ഭരിക്കുന്ന ബിജെപിആര്‍എസ്എസ് സംഘടനകളുടെ ദലിത് വിഭാഗങ്ങളോടുള്ള കാഴ്ചപ്പാടിന്റെ ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു.  കൊരേഗാവ് സംഘര്‍ഷം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ഭാരിപ ബഹുജന്‍ മഹാസംഘ് (ബിബിഎം) നേതാവും അംബേദ്കറുടെ പൗത്രനുമായ പ്രകാശ് അംബേദ്കര്‍ മഹാരാഷ്ട്ര ബന്ദിന് ആഹ്വാനം ചെയ്തു. ബന്ദിന് 250ഓളം സംഘടനകളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it