ദലിത് പ്രവര്‍ത്തകന്റെ വധം; ബിജെപി എംഎല്‍എയുടെ ബന്ധുവിനെതിരേ കേസ്

താനെ: ഭീവണ്ടിയില്‍ ദലിത് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രാദേശിക ബിജെപി എംഎല്‍എ മഹേഷ് ചൗഗുലെയുടെ അടുത്ത ബന്ധു രാജു ചൗഗുലെക്കെതിരേ പോലിസ് കേസെടുത്തു. ദലിത് സമുദായാംഗം വിക്കി ദേപെയാണ് കൊല്ലപ്പെട്ടത്.
ദേപെയുടെ കൊലപാതകത്തെത്തുടര്‍ന്ന് ഭീവണ്ടിയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍പിഐ) പ്രവര്‍ത്തകര്‍ ആക്രമണമഴിച്ചുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കണ്ടാല്‍ അറിയാവുന്ന 50ഓളം പേര്‍ക്കെതിരേ പോലിസ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അക്രമികള്‍ രണ്ട് പോലിസ് ജീപ്പുകളടക്കം വാഹനങ്ങള്‍ കേടുവരുത്തിയിരുന്നു.
എന്നാല്‍, കൊലപാതകവുമായോ, ആക്രണമവുമായോ ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലിസ് അറിയിച്ചു. മഹേഷ് ചൗഗുലെയുടെ രണ്ട് ഓഫിസുകളും ആര്‍പിഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. അതേസമയം, കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആര്‍പിഐ ഇന്നലെ ആഹ്വാനം ചെയ്ത ഭീവണ്ടി ബന്ദ് പൂര്‍ണമായിരുന്നു. പട്ടണത്തിലെ എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല.
മെയ് 11നാണ് ആക്രമണത്തില്‍ ദേപെയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മുംബൈയിലെ സെന്റ്‌ജോര്‍ജ് ആശുപത്രിയില്‍ ഇന്നലെയാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. ഇതെത്തുടര്‍ന്നാണ് ഭീവണ്ടിയില്‍ ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. നേരത്തേ വധശ്രമത്തിനാണ് പോലിസ് കേസെടുത്തിരുന്നത്. ദെബെയുടെ മരണത്തോടെ കേസ് കൊലപാതകമാക്കി. രാഷ്ട്രീയ വൈരമാണ് ദേപെയെയും സഹപ്രവര്‍ത്തകരെയും ആക്രമിക്കാന്‍ കാരണമെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it