ദലിത് പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: പട്ടികജാതി, വര്‍ഗ അതിക്രമം തടയല്‍ നിയമത്തില്‍ ഇളവുവരുത്തിയ സുപ്രിംകോടതി ഉത്തരവിനെതിരേ ദലിത് വിഭാഗങ്ങള്‍ നടത്തിവരുന്ന പ്രതിഷേധങ്ങള്‍ക്ക് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ നീതിപീഠത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാതിരിക്കുകയും മേല്‍ജാതിക്കാര്‍ക്ക് അധികപ്രാതിനിധ്യം ലഭിച്ചതിന്റെയും പ്രതിഫലനമാണ് ഇത്തരം വിധികളെന്ന് പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ അബൂബക്കര്‍ പറഞ്ഞു.
സുപ്രിംകോടതി കേസ് പരിഗണിച്ചപ്പോള്‍ ദലിത് വിഭാഗങ്ങള്‍ക്ക് അനുകൂലമായി ഇടപെടാതിരുന്ന ബിജെപി സര്‍ക്കാര്‍ നിലപാടിനെ അദ്ദേഹം കുറ്റപ്പെടുത്തി. സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും രാജ്യത്ത് ദലിതുകള്‍ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി തവണ ദലിതുകള്‍ നിഷ്ഠുരമായ ആക്രമണത്തിന് വിധേയരായി. ദലിതുകള്‍ ആയിപ്പോയി എന്ന ഒറ്റക്കാരണത്താലാണ് ഇവര്‍ ആക്രമിക്കപ്പെടുന്നത്.
കുതിരയെ സ്വന്തമാക്കിയതും ക്ഷേത്രത്തില്‍ പ്രവേശിച്ചതും പ്രണയവുമൊക്കെയാണ് മേല്‍ജാതിക്കാരാല്‍ ദലിതുകള്‍ കൊല്ലപ്പെടുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സമീപകാലത്തായി ദലിതുകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിച്ചുവരുന്നതായാണ് ദേശീയ കുറ്റാന്വേഷണ ബ്യൂറോ(എന്‍സിആര്‍ബി)യുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എസ്‌സി, എസ്ടി നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ നിലനില്‍ക്കെ, ഭരണകൂടവും പോലിസും അത് ഫലപ്രദമായി നടപ്പാക്കാതിരിക്കുന്നതുമൂലമാണ് ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കുന്നത്.
നിയമത്തിലെ വ്യവസ്ഥകളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തുന്നതുമൂലം ദലിതുകളുടെ ജീവിതവും അന്തസ്സും കൂടുതല്‍ അപകടത്തിലാവും.
കഴിഞ്ഞ രണ്ടിന് നടത്തിയ പ്രതിഷേധദിനം വന്‍ വിജയമാക്കിയ ദലിത് വിഭാഗങ്ങളെ ഇ അബൂബക്കര്‍ അനുമോദിച്ചു.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭകര്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടതിനെ അദ്ദേഹം അപലപിച്ചു.
Next Story

RELATED STORIES

Share it