Flash News

ദലിത് പ്രക്ഷോഭം വെളിവാക്കുന്നത് ആര്‍എസ്എസിന്റെ ഫാഷിസ്റ്റ് മുഖം

ന്യൂഡല്‍ഹി/മുംബൈ: പൂനെയില്‍ ദലിത് റാലിക്ക് നേരെയുണ്ടായ ആക്രമണം ആര്‍എസ്എസിന്റെ ഫാഷിസ്റ്റ് മുഖമാണ് വെളിപ്പെടുത്തുന്നതെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഫാഷിസ്റ്റ് ആശയങ്ങളാണ് അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കു നേരെയുള്ള അക്രമങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നത്. ദലിതുകള്‍ എന്നും സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയേണ്ടവരാണെന്നാണ് ഇവര്‍ ചിന്തിക്കുന്നത്. ഉന, ഹൈദരാബാദ് സര്‍വകലാശാലാ പ്രക്ഷോഭങ്ങളും പൂനെയിലെ ഭീമ കരേഗാവ് ഗ്രാമത്തിലെ സംഭവവും ബിജെപിയുടെ ഫാഷിസത്തിന് ഉദാഹരണങ്ങളാണെന്നും രാഹുല്‍ ട്വീറ്ററില്‍ പറഞ്ഞു.    ഇത്തരം വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനി ബാബയായി തുടരുകയാണെന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു. മോദി സഭയിലെത്തി സംസാരിക്കണമെന്നും ദലിതുകള്‍ക്കെതിരായ അക്രമം സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരും സംഭവത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തി.അതേസമയം, ദലിത്-മറാത്ത സംഘര്‍ഷം നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ സമാധാനം പുനസ്ഥാപിക്കണമെന്നു രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. പൂനെ ജില്ലയില്‍ ഈ മാസം ഒന്നിന് കൊരേഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികം ആഘോഷിച്ച ദലിതുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് സംഘര്‍ഷം രൂപംകൊണ്ടത്. അക്രമത്തില്‍ പ്രതിഷേധിച്ച് ദലിതുകള്‍ ഇന്നലെ മഹാരാഷ്ട്രയില്‍ ബന്ദ് ആചരിച്ചിരുന്നു. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കണമെന്നു സംസ്ഥാന എന്‍സിപി നേതാവ് സുനില്‍ തത്കാരെ ആവശ്യപ്പെട്ടു. എല്ലാവരും സമാധാനവും ഐക്യവും പുനസ്ഥാപിക്കാന്‍ പ്രയത്‌നിക്കണമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു. സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങള്‍ നിര്‍ഭാഗ്യകരമെന്നു ശിവസേനാ നേതാവ് നീലം ഗേരെയും പറഞ്ഞു. ജില്ലാ കലക്ടറും പോലിസും പൂനെ ജില്ലയിലെ ബീമ കൊരേഗാവ് ഗ്രാമത്തില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നും നീലം ഗേരെ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സാധാരണനില കൈവരിക്കാന്‍ മുന്‍ഗണന നല്‍കണമെന്നു മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം. ചീഫ് ജസ്റ്റിസ് നിയമിക്കുന്ന സിറ്റിങ് ജഡ്ജിയായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it