Flash News

ദലിത് പൂജാരിക്കെതിരേ സവര്‍ണ ക്ഷോഭം



തിരുവനന്തപുരം: മാറ്റത്തിന്റെ മണിനാദവുമായി തിരുവല്ല വളഞ്ഞവട്ടം മഹാദേവ ക്ഷേത്രത്തില്‍ നിയമനം ലഭിച്ചപട്ടികജാതിക്കാരനായ  ആദ്യ പൂജാരിക്കെതിരേ സവര്‍ണ ക്ഷോഭം. സാമൂഹിക മാധ്യമങ്ങളിലടക്കം അധിക്ഷേപം ചൊരിഞ്ഞു സാംസ്‌കാരിക കേരളത്തിന് അപമാനം തീര്‍ക്കുകയാണു ജാതിപ്പക. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി നിയമനം ലഭിച്ച തൃശൂര്‍ കൊരട്ടി നാലുകെട്ടില്‍ പുലികുന്നത്തു യദുകൃഷ്ണനാണ് ഈ ദുര്യോഗം. ക്ഷേത്രത്തിലെ പൂജ മുടങ്ങിയെന്നരോപിച്ച് യോഗക്ഷേമസഭയും അഖില കേരള ശാന്തിക്ഷേമ യൂനിയനും രംഗത്തുവന്നിരുന്നു. തിരുവല്ല ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫിസിന് മുന്നില്‍ നിരാഹാരസമരം നടത്താനുള്ള നീക്കം പ്രതിഷേധത്തെ തുടര്‍ന്ന് അവസാനനിമിഷം ഉപേക്ഷിച്ചു. സമരപ്രഖ്യാപനം നടത്തിയതിനു തൊട്ടുപിന്നാലെയാണ് ഈ സംഘടനകള്‍ക്കെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നത്. യോഗക്ഷേമസഭയും അഖില കേരള ശാന്തിക്ഷേമ യൂനിയനും നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നു തിരുവിതാംകൂര്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. വിവിധ സംഘടനകള്‍ തനിക്കെതിരേ ഉന്നയിക്കുന്ന ആരോപണം തികച്ചും വ്യാജമാണെന്നു യദുകൃഷ്ണന്‍ പറഞ്ഞു. പൂജ മുടങ്ങിയെന്ന പേരില്‍ ഒരു വിഭാഗം പ്രചാരണം നടത്തുകയാണ്. ഒക്ടോബര്‍ 26ന് തനിക്കു പറവൂരില്‍ പോവേണ്ടിയിരുന്നതിനാല്‍ അവധി എഴുതി നല്‍കിയിരുന്നു. പൂജ മുടങ്ങാതിരിക്കാന്‍ പകരം ഒരാളെ ഏര്‍പ്പെടുത്തി. എന്നാല്‍ പകരം വരുന്നയാള്‍ അല്‍പം വൈകിയാണു നട തുറക്കാനെത്തിയതെന്നും ഇതിനെ പൂജ മുടങ്ങിയെന്ന പേരില്‍ ഒരു വിഭാഗം പ്രചരിപ്പിക്കുകയാണെന്നും യദുകൃഷ്ണന്‍ വ്യക്തമാക്കി. നിയമനം നടന്ന് ഒരു മാസം കഴിയുമ്പോഴാണു യദുവിനെതിരേ പ്രത്യക്ഷ സമരവുമായി ജാതിവാദക്കാര്‍ രംഗത്തുവന്നത്. ഇതുവരെ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞ അധിക്ഷേപം കണക്കിലെടുക്കുമ്പോള്‍ ഇതു കരുതിക്കൂട്ടി തയ്യാറാക്കിയ പ്രതിഷേധമാണെന്നും ആക്ഷേപമുണ്ട്. താഴ്ന്നജാതിക്കാരായ പൂജാരിമാരെ അപമാനിക്കുന്ന വിധത്തിലുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. ഈ മാസം ആദ്യമാണു യദുവിനെയും 36 അബ്രാഹ്മണരായ പൂജാരിമാരെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമിച്ചത്.
Next Story

RELATED STORIES

Share it