ദലിത് പീഡനം തുടര്‍ന്നാല്‍ബുദ്ധമതം സ്വീകരിക്കും

നാഗ്പൂര്‍: ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കുമെന്ന ഭീഷണിയുമായി ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് കുമാരി മായാവതി. ദലിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ ഉപേക്ഷിക്കാന്‍ ബിജെപിയും ആര്‍എസ്എസും തയ്യാറായില്ലെങ്കില്‍ അനുയായികള്‍ക്കൊപ്പം ബുദ്ധമതം സ്വീകരിക്കുമെന്നാണ് മായാവതി ഭീഷണിപ്പെടുത്തിയത്. നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനത്തിന് ഒരു കിലോമീറ്റര്‍ അകലെ സംഘടിപ്പിച്ച ബിഎസ്പി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് മാറിച്ചിന്തിക്കാന്‍ ഒരവസരം കൂടി നല്‍കുകയാണ്. 1935ല്‍ ഡോ. അംബേദ്കര്‍ നടത്തിയ പ്രഖ്യാപനം അദ്ദേഹം ഒരു ഹിന്ദുവായാണ് ജനിച്ചതെങ്കിലും മരിക്കുമ്പോള്‍ അങ്ങനെയാവില്ല എന്നായിരുന്നു. ഹൈന്ദവ നേതാക്കള്‍ക്ക് മാറ്റത്തിനുള്ള സമയമായി 21 വര്‍ഷം അദ്ദേഹം നല്‍കി. പക്ഷേ, ദലിതര്‍ക്കെതിരായ സമീപനത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് 1956ല്‍ അദ്ദേഹം ബുദ്ധമതം സ്വീകരിച്ചു. അതിനുശേഷമെങ്കിലും ദലിതര്‍ക്കു നേരെയുള്ള ചൂഷണങ്ങള്‍ക്ക് അവസാനമുണ്ടാവുമെന്ന് നമ്മള്‍ കരുതി. പക്ഷേ, ഒരു മാറ്റവും ഉണ്ടായില്ല. ബിജെപിക്കും ആര്‍എസ്എസിനും താക്കീത് നല്‍കുകയാണെന്നും ദലിതരെയും പിന്നാക്ക വിഭാഗങ്ങളെയും തരംതാഴ്ന്നവരായി കണക്കാക്കുന്ന മനോഭാവം നിങ്ങള്‍ മാറ്റിയില്ലെങ്കില്‍ കോടിക്കണക്കിന് വരുന്ന അനുയായികളെയും കൂട്ടി ഞാന്‍ ബുദ്ധമതം സ്വീകരിക്കുമെന്നും മായാവതി പറഞ്ഞു. ആര്‍എസ്എസിനും ബിജെപിക്കും നന്നാവാനുള്ള ഒരവസരം കൂടി നല്‍കുമെന്നും അതിനുശേഷമേ മതം മാറ്റത്തെ കുറിച്ച് ആലോചിക്കൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാവുമെന്നും അതിനായി തയ്യാറായിരിക്കാനും മായാവതി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ട്് മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കാന്‍ ബിജെപി തയ്യാറായേക്കും.  അതുവഴി കേന്ദ്ര സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറച്ചുവയ്ക്കുക എന്ന ലക്ഷ്യമാണ് അവര്‍ക്കുള്ളതെന്നും അത്തരം വ്യാജ പ്രചാരണങ്ങളെ കരുതിയിരിക്കണമെന്നും പ്രവര്‍ത്തകരോട് മായാവതി ആഹ്വാനം ചെയ്തു. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയെ (ബിഎസ്പി) തോല്‍പ്പിക്കുന്നതിനായി വോട്ടിങ് യന്ത്രത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് പറഞ്ഞ അവര്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ ബിജെപിയെ വെല്ലുവിളിച്ചു.
Next Story

RELATED STORIES

Share it