ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നതായി സംഘടനാ റിപോര്‍ട്ട്‌

സുധീര്‍  കെ   ചന്ദനത്തോപ്പ്

കൊല്ലം: ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നതായി സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ സംഘടനാ റിപോര്‍ട്ട്. രാജ്യത്ത് ദലിത് സംഘടനകള്‍ വളര്‍ത്തിക്കൊണ്ടുവരുന്ന പോരാട്ടങ്ങളോട് ഐക്യപ്പെടാന്‍ കഴിയുന്നില്ലെന്നും സംഘടനാ റിപോര്‍ട്ടില്‍ വിമര്‍ശനം.
പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ വലിയ തലമുറ വ്യത്യാസം നിലനില്‍ക്കുന്നു. കഴിവുള്ളവരെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരണം. യുവാക്കള്‍, വനിതകള്‍, ദലിതുകള്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവയില്‍ നിന്നു കൂടുതല്‍ ആളുകളെ സംഘടനയിലേക്ക് റിക്രൂട്ട്‌മെന്റ് ചെയ്യണം. ഇവരില്‍ നിന്നു മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കാന്‍ കഴിയണം. പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്കു കൂടുതലായി ണ്ടുവരുന്നു. ഇതിനു പകരമായി ഓരോ വര്‍ഷവും 20 ശതമാനം പുതിയ മെംബര്‍ഷിപ്പുകള്‍ ചേര്‍ക്കണം.
പാര്‍ട്ടിയില്‍ സ്ത്രീകളുടെ അംഗത്വം 33 ശതമാനമായി ഉയര്‍ത്തണം. പാര്‍ട്ടിയിലെ മിക്ക നേതാക്കളും വിദ്യാര്‍ഥി സംഘടനകളിലൂടെയാണു വളര്‍ന്നുവന്നത് എങ്കിലും ഇപ്പോള്‍ പാര്‍ട്ടി മെംബര്‍ഷിപ്പില്‍ 1.2 ശതമാനം പേര്‍ മാത്രമാണ് വിദ്യാര്‍ഥി സംഘടനയില്‍ നിന്നുള്ളത്. കൂടാതെ ന്യൂനപക്ഷങ്ങളുടെ അംഗബലം 10 ശതമാണ്. ഇതു 15 ശതമാനമായെങ്കിലും ഉയര്‍ത്തണമെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തൊഴിലാളി പാര്‍ട്ടിയെന്നാണു പേരെങ്കിലും വ്യവസായ മേഖലയില്‍ നിന്നും 9.3 ശതമാനം മാത്രം തൊഴിലാളികളാണു പാര്‍ട്ടിയിലുള്ളതെന്ന സ്വയം വിമര്‍ശനവും റിപോര്‍ട്ടിലുണ്ട്. യുവാക്കളെ കൂടെ നിര്‍ത്താന്‍ അവര്‍ക്ക് അലവന്‍സ് ഉള്‍െപ്പടെ നല്‍കണമെന്നും റിപോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
അണികള്‍ക്കും നേതാക്കളിലും പടര്‍ന്നുപിടിക്കുന്ന വിഭാഗീയത സംഘടനയെ ദുര്‍ബലപ്പെടുത്തുന്നതായി റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും അഭിപ്രായ വ്യത്യാസവുമൊക്കെ വിഭാഗീയതയ്ക്കു കാരണമാവുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുന്നില്ല. വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നവരില്‍ മിക്കവരും സ്വാര്‍ഥത കൈവെടിയാന്‍ തയ്യാറാവുന്നില്ല. ഇത് അടിയന്തരമായി തുടച്ചുനീക്കിയേ മതിയാകൂ. ചില സഖാക്കള്‍ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ ഏറെ സജീവമായി ഇടപെടാറുണ്ട്.
എന്നാല്‍ ഇവര്‍ ഇതേ താല്‍പര്യം പാര്‍ട്ടി പരിപാടികള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ കാണിക്കുന്നില്ലെന്ന കുറ്റപ്പെടുത്തലും റിപോര്‍ട്ടിലുണ്ട്. പലരും സംഘടനാ പ്രവര്‍ത്തനം നടത്തുന്നത് അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചാണ്. നേതാക്കളുടെ അച്ചടക്കരാഹിത്യത്തെയും തെറ്റുകളെയും വിഭാഗീയതെയും കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ പോലും പലരും വിസമ്മതിക്കുന്നു. ഈ രീതിക്കു മാറ്റംവരണം.  പാര്‍ട്ടിയുടെ സമരരീതികള്‍ മാറണമെന്നും സംഘടനാ റിപോര്‍ട്ടില്‍ പറയുന്നു. സമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ വര്‍ധിപ്പിക്കണമെന്നും 18 പേജുള്ള റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it