kozhikode local

ദലിത് പരിശീലന കേന്ദ്രത്തിനെതിരായ നീക്കം ആസൂത്രിതം: സംരക്ഷണ സമിതി

കോഴിക്കോട്: എരഞ്ഞിപ്പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന സ്ഥാപനം ഇല്ലാതാക്കുന്നതിനായി ചില തല്‍പരകക്ഷികള്‍ നടത്തുന്ന ആസൂത്രിത നീക്കത്തിനെതിരേ വിവിധ ദലിത് സമുദായ സംഘടനകളുടെയും പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ രൂപീകരിച്ച പിആര്‍ടിസി സംരക്ഷണ സമിതി കലട്രേറ്റിനുമുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ മുന്‍ എംഎല്‍എ യു സി രാമന്‍ ഉദ്ഘാടനം ചെയ്തു. ദലിത് വിദ്യാര്‍ഥികള്‍ക്ക് ഗുണപ്രദമായ സഥാപനം പൂട്ടിക്കാനുള്ള വ്യക്തി താല്‍പര്യങ്ങളെ എന്ത് വില നല്‍കിയും തടയുമെന്ന് അദ്ദേഹം പറഞ്ഞു.
ഉടമയ്‌ക്കെതിരേ ആരോപിക്കുന്ന വ്യാജ പീഢന ആരോപണങ്ങള്‍ സ്ഥാപനം പൂട്ടിക്കാനുള്ള നീക്കമാണ്. ഇവിടെ പരിശീലനം നടത്തിയ ഒട്ടനവധി ദലിത് വിദ്യാര്‍ഥികള്‍ക്ക് ജോലി ലഭിക്കാനിടയായ സാഹചര്യത്തിലും ഈ സ്ഥാപനത്തെ ഇല്ലാതാക്കാനുള്ള മുന്‍ ജീവനാക്കാരുടെ ആസൂത്രിത നീക്കത്തിനെതിരേ  ഭരണാധികാരികളും നിയമപാലകരും കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാജ ആരോപണങ്ങളും പരാതികളും നല്‍കിയവര്‍ക്കെതിരേ   പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ പോലിസ് നടപടി എടുക്കാത്തപക്ഷം സിറ്റി പോലിസ് കമ്മീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താന്‍ സമുദായ സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. യോഗത്തില്‍ പിആര്‍ടിസി സംരക്ഷണ സമിതി ചെയര്‍മാന്‍ സതീഷ് പാറന്നൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ രാമദാസ് വേങ്ങേരി, കേരളാ ദലിത് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് പി ടി ജനാര്‍ദന്‍, കേരളാ സാംബവര്‍ സൊസൈറ്റി ജില്ലാ പ്രസിഡന്റ് പി ബി ശ്രീധരന്‍, സാധുജന പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി വി ബാലന്‍ പുല്ലാളൂര്‍, ദലിത് ലീഗ് ജില്ലാ പ്രസിഡന്റ് വി എം സുരേഷ് ബാബു, ജനറല്‍ സെക്രട്ടറി കെ സി ശ്രീധരന്‍, ഭാരതീയ പട്ടിക ജനസമാജം സംസ്ഥാന വൈസ് പ്രസിഡന്റ് വി പി ദേവി കൊളത്തറ,  കമ്മിറ്റിയംഗം എ കെ ആറുമുഖന്‍, ജില്ലാ സെക്രട്ടറി വി ടി ഭരതരാജന്‍, അംബേദ്ക്കര്‍ ജനപരിഷത്ത് ജില്ലാ പ്രസിഡന്റ് അഭിലാഷ് ബദിരൂര്‍, ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്‌സി/ എസ്ടി ഓര്‍ഗനൈസേഷന്‍ മഹിളാ പ്രസിഡന്റ് തങ്കം പറമ്പി ല്‍, കേരളാ ചക്ലിയ സമിതി ജില്ലാ സെക്രട്ടറി കെ മല്ലയന്‍, കള്ളാടി സമുദായ സംഘം സെക്രട്ടറി വി ഗംഗാധരന്‍, ജോണ്‍സണ്‍ നെല്ലിക്കുന്ന്, പ്രകാശന്‍ കക്കോടി സംസാരിച്ചു.
Next Story

RELATED STORIES

Share it