Kollam Local

ദലിത് നേതാവിനെതിരേ പോക്‌സോ ചുമത്തി പോലിസ് പക വീട്ടലെന്ന് കുടുംബം



കൊല്ലം: വീട്ടില്‍ മദ്യപിച്ചെത്തിയ ഗൃഹനാഥന്‍ മര്‍ദ്ദിച്ചെന്ന പരാതിയുമായി പോലിസ് സ്‌റ്റേഷനിലെത്തിയ ദലിത് കുടുംബത്തിന്റെ കേസ് പോക്‌സോയില്‍  ഉള്‍പ്പെടുത്തിയ പോലിസിനെതിരേ കുടുംബം. പതിനാലുകാരിയായ മകളില്‍ നിന്നും വനിതാ പോലിസ് ഉള്‍പ്പടെ ഭീഷണിപ്പെടുത്തി വ്യാജമൊഴി എടുപ്പിച്ചതിനെ തുടര്‍ന്ന്് പോലിസ് ചമച്ച പീഡനക്കേസില്‍ ഗൃഹനാഥന്‍ ജയിലിലായെന്ന് ഭാര്യ ശോഭനയും മകളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഖിലകേരള സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റും ദലിത് സാമൂഹിക പ്രവര്‍ത്തകനുമായ പത്തനാപുരം സ്വദേശി രാജേന്ദ്രനാണ് ചെയ്യാത്ത തെറ്റിന് ജയിലിലായത്. ഇക്കഴിഞ്ഞ 29ന് രാജേന്ദ്രന്‍ ഭാര്യ ശോഭനയെ മര്‍ദ്ദിച്ചിരുന്നു. തടസംപിടിക്കാനെത്തിയ മൂത്തമകള്‍ക്കും മര്‍ദ്ദനമേറ്റു. ഇതിനെ തുടര്‍ന്ന് ശോഭന മകളൊടൊപ്പം രാത്രി 10ന് പത്തനാപുരം പോലിസില്‍ പരാതി നല്‍കി. എന്നാല്‍ പരാതിക്കാരിയെ വെളിയില്‍ നിര്‍ത്തി മകളെ മാത്രം വിളിച്ച് എസ്‌ഐ സംസാരിക്കുകയും മാതാവിന്റെ മൊഴിയെടുക്കാതെ ഇരുവരെയും രാത്രി 11ന് കുന്നിക്കോട് പോലിസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നെന്ന് ശോഭനയും മകളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 29ന് അര്‍ധരാത്രി തന്നെ രാജേന്ദ്രനെ പോലിസ് അറസ്റ്റ് ചെയ്തു. രാജേന്ദ്രനെ പോക്‌സോ കേസില്‍ ഉള്‍പ്പെടുത്താന്‍ മകളെ പത്തനാപുരം എസ്‌ഐ ഭീഷണിപ്പെടുത്തി വ്യാജമൊഴി എടുപ്പിച്ചതായും ഈ മൊഴിയാണ് മജിസ്‌ട്രേറ്റിന്റെ മുന്നിലും പെണ്‍കുട്ടിയെക്കൊണ്ട്  ആവര്‍ത്തിച്ചതെന്നും ശോഭന പറഞ്ഞു. പത്തനാപുരം സിഐ ചെയര്‍മാനായ എസ്‌സിഎസ്ടി മോണിറ്ററിങ് കമ്മിറ്റിയംഗമായ രാജേന്ദ്രന്‍, ഈ കമ്മിറ്റികളില്‍ ദലിതരുടെ വിഷയങ്ങളില്‍ പോലിസില്‍ നിന്നുണ്ടാകുന്ന നീതി നിഷേധത്തിനെതിരേ പ്രതികരിക്കാറുണ്ടായിരുന്നു. ഇതിന്റെ പക തീര്‍ക്കുകയായിരുന്നു എസ്‌ഐയെന്ന് ശോഭന പറഞ്ഞു. എസ്‌ഐക്കെതിരേ ഉന്നതതല അന്വേഷണം നടത്തി നിയമ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരമാര്‍ഗ്ഗങ്ങള്‍ ആലോചിക്കുമെന്ന് സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ഇ കെ ചെല്ലപ്പന്‍, വാളകം ശിവപ്രസാദ്, എകെ മനോഹരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it