ദലിത് ക്രൈസ്തവര്‍ക്ക് ജാതി വിവേചനമെന്ന് സര്‍വേ റിപോര്‍ട്ട്

ചെന്നൈ: ഹിന്ദുമതത്തില്‍ നിന്നു മതംമാറി ക്രിസ്തുമതത്തിലെത്തിയ ദലിതുകള്‍ക്ക് ജാതി വിവേചനമെന്ന് റിപോര്‍ട്ട്. പ്രൊടസ്റ്റന്റ്, കത്തോലിക്ക വിഭാഗങ്ങളിലേക്ക് മതംമാറിയെത്തിയ തമിഴ്‌നാട്ടിലെ ബഹുഭൂരിഭാഗം ദലിതുകള്‍ക്കാണ് പുതിയ മതത്തിലും ജാതി വിവേചനം സഹിക്കേണ്ടിവരുന്നത്. കത്തോലിക്ക വിഭാഗത്തിലെ ദലിതുകളുടെ അവസ്ഥയെപ്പറ്റി നടത്തിയ 'തടം തേടി' എന്ന പ്രാഥമിക സര്‍വ്വെയിലാണ് ഈ വെളിപപെടുത്തല്‍.
തമിഴ്‌നാട്ടില്‍ 39,64,360 അംഗങ്ങളുള്ള കത്തോലിക്ക വിഭാഗത്തില്‍ 22,40,726 പേര്‍ ദലിതുകളാണ്. പള്ളി ഭരണ സംബന്ധന്ധമായ കാര്യങ്ങളില്‍ ഒരു ദലിതനു പോലും സ്ഥാനം ലഭിച്ചിട്ടില്ല. തമിഴ്‌നാട്ടിലെ 18 ആര്‍ച്ച് ബിഷപ്പുമാരില്‍ ദലിത് വിഭാഗത്തിലുള്ളവര്‍ രണ്ടുപേര്‍ മാത്രമാണ്. മിക്ക പള്ളികളിലും ദലിതുകള്‍ക്ക് പ്രത്യേകം ശ്മശാനവും ശവവണ്ടികളുമാണുള്ളത്. പള്ളികളിലേക്കുള്ള പൊതുവഴികള്‍ ഉപയോഗിക്കുന്നതില്‍ ദലിതുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. ചില പള്ളികളില്‍ ദലിതുകളുടെ മരണാനന്തര ചടങ്ങുകള്‍ നടത്താറില്ല-സര്‍വ്വെ കമ്മറ്റിയിലെ അംഗമായ ജി മാത്യു പറഞ്ഞു.
പുന്നൈവനം, രായപ്പന്‍പട്ടി, ചിതലാച്ചേരി, ഹനുമന്തന്‍പട്ടി, പുല്ലമ്പാടി, പോണ്ടി, ഇറയൂര്‍ എന്നീ പ്രദേശങ്ങളിലെ ദലിതുകള്‍ അവകാശങ്ങള്‍ക്കു വേണ്ടി ഇപ്പോഴും പോരാടുകയാണ്. വിശ്വപ്രസിദ്ധമായ വേളാങ്കണ്ണി ബാസിലക്കയില്‍ പോലും ദലിതുകള്‍ വിവേചനമനുഭവിക്കുകയാണ്. ഇറയൂരിലെ വില്ലുപുരത്ത് ദലിതുകളും സവര്‍ണരും തമ്മിലുണ്ടായ സംഘര്‍ഷം 2008ല്‍ പോലിസ് വെടിവയ്പിലാണ് കലാശിച്ചത്. ഇപ്പോള്‍ തങ്ങള്‍ പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്-നാട്ടുകാരനായ മാത്യു അറിയിച്ചു.
ഇന്ത്യയിലെ സാമൂഹിക സാംസ്‌കാരിക രംഗം ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ടതായതിനാല്‍ ക്രിസ്തു മതവും അതിനോട് താദാത്മ്യപ്പെട്ടിരിക്കുകയാണെന്ന് ഫാദര്‍ ജോണ്‍ സുരേഷ് സമ്മതിച്ചു. ക്രിസ്തു മതത്തിന്റെ ആത്മാവ് ഇന്ത്യക്കാരായ നമ്മള്‍ മനസ്സിലാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it