ദലിത് എന്ന വാക്ക് ഉപയോഗിക്കരുത്: ആര്‍എസ്എസ്

ന്യൂഡല്‍ഹി: സംഘപരിവാര പ്രവര്‍ത്തകര്‍ ദലിത് എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ആര്‍എസ്എസ് നിര്‍ദേശം. ദലിത് എന്ന വാക്കിന് പകരം പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്നുതന്നെ ഉപയോഗിക്കണമെന്ന നിര്‍ദേശമാണ് ആര്‍എസ്എസ് തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്. അപമാനകരമായ കോളോണിയല്‍ പ്രയോഗത്തിന്റെ തുടര്‍ച്ചയാണു ദലിത് എന്ന പ്രയോഗമെന്നാണു സംഘപരിവാരത്തിന്റെ ന്യായീകരണം. പട്ടികജാതി, പട്ടിക വര്‍ഗം എന്ന വാക്കുകള്‍ ജാതിയെ സൂചിപ്പിക്കുന്നതോ, അപമാനകരമായതോ ആയ പ്രയോഗങ്ങളല്ലെന്നാണു സംഘപരിവാര നേതാക്കള്‍ പറയുന്നത്.
കഴിഞ്ഞയാഴ്ച കേന്ദ്ര സാമൂഹികക്ഷേമ വകുപ്പ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളിലെ വിവിധ വകുപ്പുകള്‍ക്കു കേന്ദ്ര സാമൂഹികനീതി വകുപ്പും ഇതു സംബന്ധിച്ചു നിര്‍ദേശം നല്‍കിയിരുന്നു. 1982 ഫെബ്രുവരി 10ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് ഉദ്ധരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പട്ടികജാതി (എസ്‌സി) സര്‍ട്ടിഫിക്കറ്റില്‍ ഹരിജന്‍ എന്ന പദം ഉപയോഗിക്കരുതെന്ന ഉത്തരവ് ചൂണ്ടിക്കാട്ടിയാണു കേന്ദ്ര മന്ത്രാലയം പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും മന്ത്രാലയം ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഷെഡ്യൂള്‍ഡ് കാസ്റ്റ് എന്ന് ഇംഗ്ലീഷിലോ, പ്രാദേശിക ഭാഷകളില്‍ സമാനമായ മറ്റു വാക്കുകളോ ഉപയോഗിക്കാനാണു നിര്‍ദേശം. ഇതു സംബന്ധിച്ച ഉത്തരവ് മാര്‍ച്ച് 15നാണ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
രാജ്യമെങ്ങും ദലിത് വിഭാഗങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളും അതിനെ തുടര്‍ന്നു നടക്കുന്ന പ്രക്ഷോഭങ്ങളും ബിജെപിയുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തുമെന്ന ആശങ്കയില്‍ നിന്നാണ് ആര്‍എസ്എസും കേന്ദ്രസര്‍ക്കാരും ദലിത് എന്ന വാക്കിന് വിലക്ക് കല്‍പ്പിച്ചതെന്നാണു വിലയിരുത്തല്‍.
Next Story

RELATED STORIES

Share it