Breaking News

ദലിതരെ അടിച്ചമര്‍ത്താനുള്ള നീക്കം അവസാനിപ്പിക്കണം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ

ദലിതരെ അടിച്ചമര്‍ത്താനുള്ള നീക്കം അവസാനിപ്പിക്കണം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ
X
ന്യൂഡല്‍ഹി: ഭീമ കൊറഗാവ് യുദ്ധത്തിന്റെ 200 ാം വാര്‍ഷികം ആഘോഷിച്ച ദലിതുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ അപലപിച്ചു. തികച്ചും ആസൂത്രിതമായ ആക്രമണമാണ് നടന്നിരിക്കുന്നത്. മറാത്തികളെ ദലിതുകള്‍ക്കെതിരേ തിരിച്ചുവിട്ട് അവരെ അടിച്ചമര്‍ത്താനുള്ള ഹിന്ദുത്വ ശക്തികളുടെ നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.


അക്രമകാരികളെ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിനും പോലിസിനുമുണ്ടായ വീഴ്ചയാണ് വാര്‍ഷികാഘോഷങ്ങള്‍ക്ക് ഒത്തുകൂടിയവരില്‍പ്പെട്ട ഒരാളുടെ മരണത്തിനും വ്യാപകമായ അക്രമസംഭവങ്ങള്‍ക്കും ഇടയാക്കിയത്. നിരായുധരായ ജനക്കൂട്ടത്തെ ആക്രമിച്ച കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കാന്‍ തയ്യാറാവാതെ, ജിഗ്‌നേഷ് മേവാനി, ഒമര്‍ ഖാലിദ് തുടങ്ങിയവരടക്കമുള്ള നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാനാണ് പോലിസ് ശ്രമിക്കുന്നത്.


നൂറ്റാണ്ടുകളായി അനുഭവിക്കുന്ന ബ്രാഹ്മണാധിപത്യത്തിനെതിരേ തങ്ങളുടെ അവകാശങ്ങളും വ്യക്തിത്വവും ഉയര്‍ത്തിപ്പിടിക്കാനായി പോരാടുന്ന ദലിതുകള്‍ക്കെതിരേ നടത്തുന്ന കലാപങ്ങളുടെ മറ്റൊരു ഉദാഹരണമാണ് മഹാരാഷ്ട്രയില്‍ നടന്നത്. 2014 ല്‍ ഹിന്ദുത്വശക്തികള്‍ അധികാരത്തില്‍ വന്നതുമുതല്‍ ഇത്തരം അക്രമങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ചത്ത പശുവിന്റെ തോലുരുച്ച ദലിത് തൊഴിലാളികള്‍ ഗുജറാത്തില്‍ നിഷ്ഠൂരമായി ആക്രമിക്കപ്പെട്ടു. ഹരിയാനയില്‍ മേല്‍ജാതിക്കാര്‍ ദലിത് കുട്ടികളെ ജീവനോടെ ചുട്ടെരിച്ചു. ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദലിത് വൃദ്ധനെ ഉത്തര്‍പ്രദേശില്‍ ചുട്ടുകൊന്നതടക്കമുള്ള സംഭവങ്ങള്‍ രാജ്യത്ത് തുടരുകയാണ്. ഇത്തരം അതിക്രമങ്ങള്‍ക്കെതിരേ പ്രതിഷേധിച്ചവരെ കരിനിയമങ്ങള്‍ ചുമത്തി ജയിലിലടക്കുന്നു. ദേശീയ സുരക്ഷാനിയമ പ്രകാരം അറസ്റ്റ് ചെയ്ത ഭീം ആദ്മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഇപ്പോഴും ജയിലിലാണ്.

കൊറഗാവ് യുദ്ധവാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തവരെ ആക്രമിച്ച കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. അക്രമത്തില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. പൗരാവകാസങ്ങള്‍ക്കും മാന്യതക്കും വേണ്ടി ദലിത് സമൂഹം നടത്തുന്ന പോരാട്ടങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളും തയ്യാറാണമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്തു.
Next Story

RELATED STORIES

Share it