ദലിതന്‍ കുളിച്ച ക്ഷേത്രക്കുളത്തില്‍ ശുദ്ധികര്‍മങ്ങള്‍; ചെങ്ങോട്ട് കാവില്‍ അയിത്തം ആചരിച്ചു

കൊയിലാണ്ടി: ദലിത് വിഭാഗത്തില്‍പ്പെട്ടയാള്‍ കുളിച്ച ക്ഷേത്രക്കുളത്തില്‍ ശുദ്ധികര്‍മങ്ങള്‍ ചെയ്തു പുണ്യാഹം തളിച്ചതായി ആരോപണം. ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ കൊണ്ടം വള്ളി അയ്യപ്പ ക്ഷേത്രക്കുളത്തില്‍ ദലിതന്‍ കുളിച്ചതിനെ തുടര്‍ന്ന് പുണ്യാഹം തളിച്ചതായി ദലിത് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അനേക വര്‍ഷ—മായി ജീര്‍ണാവസ്ഥയിലായിരുന്ന കൊണ്ടംവള്ളി ശ്രീ അയ്യപ്പ ക്ഷേത്രക്കുളം നവീകരിക്കാന്‍ അയ്യപ്പ സേവാ സമിതിയുടെ സഹകരണത്തോടെ നവീകരണ കമ്മിറ്റി രൂപീകരിച്ചിരുന്നു. പ്രസിഡന്റായി പ്രസ്തുത ദലിത് വിഭാഗക്കാരനെ തന്നെയാണ് ആദ്യം തിരഞ്ഞെടുത്തത്. എന്നാല്‍, പിന്നീട് ഇദ്ദേഹത്തെ നീക്കി പകരം മറ്റൊരാളെ പ്രസിഡന്റാക്കി.
കുളം നവീകരിച്ച് 2015 ഒക്ടോബര്‍ 17ന് ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തില്‍ അഞ്ചു ബ്രാഹ്മണര്‍ കര്‍മം നടത്തി കുളം ഭഗവാന് സമര്‍പ്പിച്ചു. ക്ഷേത്രം തന്ത്രിക്ക് ദക്ഷിണ നല്‍കി ആദ്യം കുളിച്ചത് ദലിത് വിഭാഗത്തില്‍പ്പെട്ട ആദ്യ പ്രസിഡന്റായിരുന്നു. അപ്പോള്‍ തന്നെ ഇതര സമുദായക്കാരില്‍ മുറുമുറുപ്പ് ഉയര്‍ന്നിരുന്നു. തുടര്‍ന്ന്, ക്ഷേത്രക്കമ്മിറ്റിയോ തന്ത്രിയോ അറിയാതെ ശാന്തിക്കാരനെ കൊണ്ട് ശുദ്ധിക്രിയകള്‍ നടത്തി കുളം കഴിഞ്ഞ ജനുവരി 26ന് പുനസ്സമര്‍പ്പണം നടത്തിയതാണ് പരാതിക്ക് കാരണമായത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡ ന്റ് കൂമുള്ളി കരുണന്‍ ഉദ്ഘാടനം ചെയ്ത ഈ ചടങ്ങില്‍ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാ യ പി വിശ്വന്റെ സാന്നിധ്യവുമുണ്ടായിരുന്നു. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം വികൃതമാക്കിയ ഈ സംഭവം ചാതുര്‍വര്‍ണ്യ വ്യവസ്ഥ വീണ്ടും കൊണ്ടുവരാനുള്ള നീക്കമാണെന്നു ദലിത് സംഘടനാ നേതാക്കള്‍ കുറ്റപ്പെടുത്തി.
ഇതിനെതിരേ ദലിത് സമൂഹവും പൊതുജനങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തുവരണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. അയിത്തം ആചരിച്ച മുഴുവന്‍ പേരെയും മാതൃകാപരമായി ശിക്ഷിക്കണമെന്നും പൊതുജനങ്ങളോട് മാപ്പ് പറയണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഭാരതീയ പട്ടിക ജനസമാജം രക്ഷാധികാരി എം എം ശ്രീധരന്‍, മേഖലാ സെക്രട്ടറി പി എം സി നടേരി, സംസ്ഥാന കമ്മിറ്റി അംഗം നിര്‍മ്മലൂര്‍ ബാലന്‍, ദലിത് വിമോചന മുന്നണി താലൂക്ക് കമ്മിറ്റി കണ്‍വീനര്‍ ശശീന്ദ്രന്‍ ബപ്പന്‍കാട് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it