thrissur local

ദലിതന്റെ ഭൂമി കൃത്രിമരേഖയുണ്ടാക്കി തട്ടിയെടുത്തതായി പരാതി

മാള: ദലിതനും നിര്‍ദ്ധനനുമായയാളുടെ മിച്ചഭൂമി കൃത്രിമരേഖയുണ്ടാക്കി തട്ടിയെടുത്തതായി പരാതി. എറിയാട് പേബസാര്‍ ഏപ്പിള്ളി കോരഞ്ചിറ സുബ്രുവിന് പൊയ്യ വില്ലേജില്‍ സ ര്‍വ്വേ നമ്പര്‍ 262/6 ലുള്ള 30 സെന്റ് ഭൂമി സ്വകാര്യ വ്യക്തി തട്ടിയെടുത്തതായാണ് ആരോപണം. ഇതിന് റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും സുബ്രു വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
1978 ല്‍ 11ഭൂരഹിത കര്‍ഷകര്‍ക്കായി പൊയ്യ വില്ലേജിലെ മാളപള്ളിപ്പുറത്ത് 262/6 സര്‍വ്വേ നമ്പറില്‍പെട്ട ഭൂമി സര്‍ക്കാര്‍ പതിച്ചു നല്‍കിയിരുന്നു. പത്മനാഭപ്രഭു എന്നയാളില്‍ നിന്നും മിച്ചഭൂമി നിയമപ്രകാരം സര്‍ക്കാ ര്‍ ഏറ്റെടുത്ത ഭൂമിയാണ് ബി 510518/7ാം നമ്പര്‍ ഫയല്‍ പ്രകാരം 11 കര്‍ഷകര്‍ക്കായി നല്‍കിയത്. അതില്‍ പെട്ടതാണ് സുബ്രുവിന്റെ 30 സെന്റ് ഭൂമി. ഇതിന്റെ ഭാഗമായി തൃശൂര്‍ കലക്ടറേറ്റില്‍ നിന്നും രണ്ട് അസൈന്‍മെന്റ് പേപ്പറുകളും നല്‍കി.
പട്ടയം പിന്നീട് നല്‍കുമെന്നതിന്റെ അടിസ്ഥാനത്തിലാണീ പേപ്പറുകള്‍ നല്‍കിയത്. വെള്ളക്കെട്ട് പ്രദേശമായതിനാല്‍ 1982 ല്‍ ചെമ്മീന്‍കൃഷി ചെയ്യുന്നതിനായി ലൈസന്‍സ് ലഭിച്ചു. ഇതേതുടര്‍ന്ന് കാളിയാടന്‍ ചാക്കോ എന്ന വ്യക്തിക്ക് ഭൂമി ചെമ്മീന്‍കൃഷി ചെയ്യുന്നതിനായി തുച്ചമായ സംഖ്യക്ക് പാട്ടത്തിന് നല്‍കി. 2012 ല്‍ ചാക്കോ മരിച്ചതിന് ശേഷം മകന്‍ പീയൂസായിരുന്നു ഭൂമി കൈകാര്യം ചെയ്തിരുന്നത്.
ഇതിന് മുന്‍പ് സ്ഥിരമായി പൊയ്യ വില്ലേജ് ഓഫിസില്‍ 2007 വരെ സുബ്രു കരം അടച്ചിരുന്നു. അവസാനമായി കരമടച്ചത് 2007 മെയ് മൂന്നിനാണ്. അടുത്ത തവണ കരമടക്കാനായി വില്ലേജ് ഓഫീസിലെത്തിയ സുബ്രുവിന്റെ പക്കല്‍ നിന്നും കരം സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ തയ്യാറായില്ല. പട്ടയമില്ലാതെ കരമടക്കാനാകില്ലെന്ന നിലപാടാണ് വില്ലേജ് ഓഫീസര്‍ സ്വീകരിച്ചത്. ഇതിനിടയില്‍ സുബ്രുവിന്റെ സ്ഥലമടക്കം കൊടുങ്ങല്ലൂര്‍ കോതപറമ്പിലുള്ള പറമ്പത്ത്കണ്ടി സഫറലിയുടെ കൈവശമെത്തി. ഷീറ്റും ഗ്രില്ലുമുപയോഗിച്ച് സുബ്രുവിന്റെ ഭൂമിയടക്കം മറച്ച് ഭദ്രമാക്കുകയും കൃത്യമായി ആധാരം ഉണ്ടാക്കുകയും ചെയ്‌തെന്നാണ് സുബ്രുവിന്റെ പരാതി. ഇതേതുടര്‍ന്ന് നിരവധി തവണ ജില്ലാ കലക്ടര്‍ക്കും കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ക്കും പരാതികള്‍ അയച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി, ഹരിജനക്ഷേമ വകുപ്പുമന്ത്രി, റവന്യൂ വകുപ്പുമന്ത്രി തുടങ്ങിയവര്‍ക്ക് രണ്ട് തവണ പരാതികളയച്ചു. ഇതേ തുടര്‍ന്ന് കലക്ടറേറ്റിലും കൊടുങ്ങല്ലൂര്‍ താലൂക്ക് ഓഫീസിലും അന്വേഷണത്തിനുത്തരവായി.
ഇതിനിടയില്‍ പൊയ്യ വില്ലേജ് ഓഫീസില്‍ സഫറലിയുടെ പേരില്‍ ഭൂമിയുടെ പോക്കുവരവ് ചെയ്തിട്ടുണ്ട്. സഫറലിയുടെ പക്കല്‍ നിന്നും 2012 മുതല്‍ കരവും സ്വീകരിക്കുന്നുണ്ട്. ഭൂമിയുടെ പട്ടയമില്ലാതെയാണ് സഫറലിയുടെ പക്കല്‍ നിന്നും കരം സ്വീകരിക്കുന്നതെന്നാണ് സുബ്രു പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ 2017 ജൂണ്‍ രണ്ട് മുതല്‍ ഭൂമി അളക്കാനായി താലൂക്ക് സര്‍വെയര്‍ പലവട്ടം വന്നെങ്കിലും ഭൂമി അടച്ചു കെട്ടിയതിനാല്‍ അളവ് നടന്നില്ല.
ഇതിനിടയിലെപ്പോഴൊ സുബ്രുവിന് പട്ടയം അയച്ചിരുന്നതായും സുബ്രു അത് കൈപ്പറ്റിയില്ലെന്നുമാണ് അധികൃതഭാഷ്യം. വില്ലേജ് ഓഫീസിലും മറ്റും നിരന്തരം കയറിയിറങ്ങുന്ന സുബ്രുവിന്റെ പേരില്‍ പട്ടയം അയച്ചെങ്കിലത് എവിടെ പോയെന്നാണ് ചോദ്യമുയരുന്നത്. സുബ്രുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 2016 ഫെബ്രുവരി 22 ന് പട്ടികജാതിപട്ടികവര്‍ഗ്ഗ കമ്മീഷന്‍ ആര്‍ ഡി ഒ യോട് സുബ്രുവിന് മൂന്ന് മാസത്തിനകം പകരം പട്ടയം അനുവദിക്കണമെന്ന് ഉത്തരവിട്ടെങ്കിലും നടപടിയായില്ല. പി എന്‍ വിജയകുമാര്‍ ചെയര്‍മാനും എഴുകോണ്‍ നാരായണനും കെ കെ മനോജും അംഗങ്ങളുമായ കമ്മീഷനാണ് ഉത്തരവ് നല്‍കിയത്.
മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സഫറലിയോട് പ്രസ്തുത വസ്തുവിന്റെ മാത്രം ആധാരവും കീഴ് രേഖകളും ഹാജരാക്കുന്നതിന് 2017 ഒക്ടോബര്‍ 12 ന് നിര്‍ദ്ധേശം നല്‍കിയിട്ടുണ്ടെന്നും ആയത് ലഭ്യമാകുന്ന മുറക്ക് പരാതി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മറുപടിയില്‍ പറയുന്നു. ഒടുവിലായി 2018 ജനുവരി 24 ന് കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ നല്‍കിയ മറുപടിയില്‍ സുബ്രുവിനോട് കോടതിയില്‍ പോയി പരിഹാരം കാണാമെന്നാണ് പറയുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന 65 കാരനായ സുബ്രു എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണിപ്പോള്‍.
Next Story

RELATED STORIES

Share it