ദയാവധം: നിയമനിര്‍മാണം നടത്താന്‍ തയ്യാറെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ദയാവധവുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്താന്‍ തയ്യാറാണെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. ഇതുസംബന്ധമായി ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം തങ്ങളുടെ നിലപാട് അറിയിച്ചിരിക്കുന്നത്.
ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ യാതൊരു സാധ്യതയുമില്ലാത്തവിധം രോഗങ്ങള്‍ക്ക് അടിപ്പെട്ടവരെ ദയാവധത്തിന് വിധേയമാക്കുന്നതിനെക്കുറിച്ചും അതിന്റെ ധാര്‍മിക വശങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ച കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ദയാവധവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പുതിയ ഇടപെടല്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന്ഉണ്ടാവാത്തത് ഇതുസംബന്ധമായ ഹരജി സുപ്രിംകോടതിയുടെ പരിഗണനയില്‍ ഉള്ളതിനാലാണെന്നും വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.
ഈ സര്‍ക്കാര്‍ നിലവില്‍വന്നതിനു ശേഷം രൂപംകൊടുത്ത വിദഗ്ധ കമ്മിറ്റി ഒരു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കുശേഷം പരോക്ഷമായ ദയാവധവുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിന്റെ മാര്‍ഗരേഖ തയ്യാറാക്കിയതായി സത്യവാങ്മൂലം പറഞ്ഞു. എന്നാല്‍, പ്രത്യക്ഷ ദയാവധം നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല. പരോക്ഷ ദയാവധം രോഗിക്ക് ലഭിക്കുന്ന ചികില്‍സ നിര്‍ത്തലാക്കുമ്പോ ള്‍ പ്രത്യക്ഷ ദയാവധം രോഗിക്ക് മരുന്നോ മറ്റോ കൊടുത്ത് കൊല്ലുകയാണ് ചെയ്യുന്നത്.രോഗിയെ പുനരധിവസിപ്പിക്കലും ചികില്‍സിക്കലുമാണ് പുരോഗമന ആരോഗ്യശാസ്ത്രത്തിന്റെ ലക്ഷ്യങ്ങളെന്നും അതിനാല്‍ ആരോഗ്യ മന്ത്രാലയം ദയാവധത്തെ കാണുന്നത് ഈ തത്ത്വത്തിനെതിരായ ഒരു നടപടിയാണെന്നും സത്യവാങ്മൂലം പറയുന്നു.
മരണം എന്നത് വിഷാദംകൊണ്ട് രോഗിക്ക് തോന്നുന്ന താല്‍ക്കാലിക ആഗ്രഹം മാത്രമായിരിക്കുമെന്നും എന്നാല്‍ വേദനയില്‍നിന്നും മുക്തി നേടാന്‍ മരണം വരിക്കാമെന്ന രോഗിയുടെ ആഗ്രഹത്തിനു മുന്നില്‍ ഡോക്ടര്‍മാര്‍ പരാജയപ്പെടരുതെന്നും സത്യവാങ്മൂലം പറയുന്നു.
Next Story

RELATED STORIES

Share it