Flash News

ദയാവധം ആവാം

സിദ്ദീഖ്  കാപ്പന്‍
ന്യൂഡല്‍ഹി: ആരോഗ്യപൂര്‍ണമായ ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ വ്യക്തികളെ ദയാവധത്തിനു വിട്ടുകൊടുക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കി. പൗരന്‍മാര്‍ക്ക് അന്തസ്സോടെ ജീവിക്കാന്‍ അവകാശമുള്ളതുപോലെ അന്തസ്സോടെ മരിക്കാനും അവകാശമുണ്ടെന്നു വ്യക്തമാക്കിയാണ് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.
ദയാവധവും മരണതാല്‍പര്യപത്രവും (ലിവിങ് വില്‍) നിയമപരമാണെന്നു വ്യക്തമാക്കിയ ബെഞ്ച്, കര്‍ശന വ്യവസ്ഥകളോടെ ദയാവധം അനുവദിക്കാനുള്ള മാര്‍ഗരേഖയും പുറത്തിറക്കിയിട്ടുണ്ട്. ആരോഗ്യമുള്ളവര്‍ക്ക് ദയാവധം പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. മരുന്ന് കുത്തിവച്ച് പെട്ടെന്നു മരിക്കാന്‍ അനുവാദം നല്‍കില്ല. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയാത്ത രോഗികളെ മെഡിക്കല്‍ ഉപകരണങ്ങള്‍ പിന്‍വലിച്ച് മരിക്കാന്‍ അനുവദിക്കാം. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ച് ആയുസ്സ് നീട്ടേണ്ടതില്ലെന്ന് രോഗികള്‍ക്ക് മുന്‍കൂറായി മരണപത്രം തയ്യാറാക്കിവയ്ക്കാം. എന്നാല്‍, രോഗി ഇനിയൊരിക്കലും ആരോഗ്യപൂര്‍ണമായ ജീവിതത്തിലേക്കു തിരിച്ചുവരില്ലെന്ന് വിദഗ്ധ മെഡിക്കല്‍ സംഘം വിധിയെഴുതിയാല്‍ മാത്രമേ ഈ സമ്മതപത്രം ഉപയോഗിക്കാനാവൂ. ഇത്തരം മരണങ്ങളെ സ്വാഭാവിക മരണമായിട്ടായിരിക്കും രേഖപ്പെടുത്തുക.
അതേസമയം, തെറ്റായ വിവരങ്ങള്‍ നല്‍കുകയോ വ്യാജരേഖയുണ്ടാക്കുകയോ ചെയ്യുന്നവര്‍ക്ക് 10 വര്‍ഷം വരെ കഠിനതടവും 20 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ പിഴയും ചുമത്തുമെന്നും കോമണ്‍ കോസ് എന്ന സന്നദ്ധ സംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി തീര്‍പ്പാക്കിക്കൊണ്ട് സുപ്രിംകോടതി വ്യക്തമാക്കി. എല്ലാ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലും ദയാവധ അപേക്ഷകളില്‍ അനുമതി നല്‍കാനുള്ള സമിതികള്‍ രൂപീകരിക്കണം. സമ്മതപത്രം എഴുതിവയ്ക്കാത്ത രോഗിയാണെങ്കില്‍ ദയാവധത്തിനു അനുമതി തേടി രോഗിയുടെ ബന്ധുവിനു ഹൈക്കോടതിയെ സമീപിക്കാം. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി ജില്ലാ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തും. ജില്ലാ മജിസ്‌ട്രേറ്റ് രൂപീകരിക്കുന്ന മെഡിക്കല്‍ ബോര്‍ഡായിരിക്കണം ഇതില്‍ തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. ചീഫ്ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എ കെ സിക്രി, എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
Next Story

RELATED STORIES

Share it