thrissur local

ദമ്മാമില്‍ ദുരിതപര്‍വം താണ്ടിയ വീട്ടമ്മയെ നാട്ടില്‍ എത്തിച്ച് ദുബയ് കെഎംസിസി

തൃശൂര്‍: ദമാമില്‍ മാസങ്ങളോളം ശമ്പളം നല്‍കാതെ ഒടുവില്‍ രേഖകളും സമ്പാദ്യവുമെല്ലാം പിടിച്ചുവെച്ച് അറബി ഉപേക്ഷിച്ച വീട്ടമ്മയെ നാട്ടിലെത്തിച്ചത് ദുബൈ കെഎംസിസി. കണിമംഗലം സ്വദേശിനി പരേതനായ മോഹനന്റെ ഭാര്യ ബീനയ്ക്കാണ് കെഎംസിസിയുടെ ഇടപെടല്‍മൂലം നാട് കാണാനായത്. നാട്ടിലെത്തിയ ബീനയെ കെഎംസിസി കോര്‍ഡിനേറ്ററും മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറിയുമായ അഡ്വ. വി എം മുഹമ്മദ് ഗസാലി, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി എം എ റഷീദ് എന്നിവരുടെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ്-കെഎംസിസി സംഘം വീട്ടില്‍ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു.
മൂന്നുവര്‍ഷം മുമ്പാണ് ബീന സൗദി അറേബ്യയിലെത്തിയത്. അറബിയുടെ വയസായ ഉമ്മയെ നോക്കാനായിരുന്നു കൊണ്ടുപോയത്. ആദ്യത്തെ രണ്ടുവര്‍ഷം കുഴപ്പമുണ്ടായിരുന്നില്ല. ശാരീരിക ഉപദ്രവമുണ്ടായിരുന്നില്ലായെങ്കിലും അവസാനത്തെ ഒരു വര്‍ഷം വല്ലാത്ത മാനസിക പീഡനമായിരുന്നുവെന്ന് ബീന പറയുന്നു. ശമ്പളം കൊടുക്കാതെ വീട്ടുതടങ്കിലാക്കിയ ബീനയെ ഒരു ദിവസം ഉമ്മ ആശുപത്രിയിലാണെന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടയില്‍ ആശുപത്രിയില്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലായെന്ന് പറഞ്ഞ് ഫോണും അറബി കൈക്കലാക്കി.
ഒടുവില്‍ ആശുപത്രിയിലെ മലയാളി നഴ്‌സുമാരുടെ സഹായത്താല്‍ പോലിസിനെ ബന്ധപ്പെട്ടു. ബീന പറഞ്ഞതനുസരിച്ച് പോലിസ് അറബിയെ ബന്ധപ്പെട്ടെങ്കിലും മൂന്നുവര്‍ഷമായി വീട്ടില്‍ വീട്ടുവേലയ്ക്കായി ആരുമില്ലെന്നായിരുന്നു മറുപടി. ബീനയുടെ രണ്ടുവര്‍ഷത്തെ സമ്പാദ്യവും നാട്ടിലേക്ക് വരുമ്പോള്‍ കൊണ്ടുപോരാനായി വാങ്ങിച്ചുവെച്ച നാല് വില കൂടിയ ഫോണുകളും വസ്ത്രങ്ങളും എല്ലാ രേഖകളും അറബിയുടെ വീട്ടിലായിരുന്നു.ഒടുവില്‍ പോലിസ് ഇന്ത്യന്‍ എംബസി വഴി നാട്ടിലേക്ക് അയക്കാന്‍ ബീനയെ അവിടത്തെ ജയിലിലാക്കുകയായിരുന്നു. ഇതിനിടയിലാണ് ബീനയുടെ വിവരങ്ങള്‍ അറിഞ്ഞ് ദമാം കെഎംസിസി പ്രസിഡന്റ് പി കെ അബ്ദുറഹീം, ജനറല്‍ സെക്രട്ടറി റാഫി അണ്ടത്തോട്, ഖജാഞ്ചി ഷെഫീര്‍ അച്ചു എന്നിവര്‍ സംഭവത്തിലിടപെടുന്നത്.
തുടര്‍ന്ന് കെഎംസിസിയുടെ നേതൃത്വത്തില്‍ ഷെഫീര്‍ അച്ചു ബീനയെ നാട്ടിലെത്തിക്കാനായി നാട്ടിലെ മക്കളുമായി ബന്ധപ്പെട്ടു. ഷെഫീര്‍ അച്ചു സൗദ്യഅറേബ്യന്‍ അധികൃതരുമായും ഇന്ത്യന്‍ എംബസിയുമായും നാട്ടിലെ ബീനയുടെ മക്കളായ നിമ, നീതു എന്നിവരുമായി നടത്തിയ നിരന്തര കത്തിടപാടുകള്‍ മൂലമാണ് ബീനയെ നാട്ടിലേക്കയക്കാനുളള വഴി തുറന്നത്. കെഎംസിസി ഭാരവാഹികള്‍ പെട്ടെന്നുതന്നെ ബീനയ്ക്ക് നാട്ടിലേക്ക് വരാനുള്ള പേപ്പര്‍ വര്‍ക്കുകളെല്ലാം ശരിയാക്കുകയും ടിക്കറ്റെടുത്ത് കൊടുക്കുകയും ചെയ്യുകയായിരുന്നു.
ഗള്‍ഫിലെ എയര്‍പോര്‍ട്ടില്‍ യാതൊരു ബുദ്ധിമുട്ടും അനുഭവിക്കാത്ത തന്നെ നെടുമ്പാശേരിയില്‍ രണ്ടര മണിക്കൂര്‍ വളരെ മോശമായിട്ടാണ് പോലിസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതെന്നും ബീന പറയുന്നു. ഇനി ജീവിതത്തില്‍ മക്കളെ കാണാന്‍പോലും പറ്റുമോയെന്ന ഭയമുണ്ടായിരുന്നുവെന്ന് നാട്ടില്‍ പൂങ്കുന്നത്ത് മകളുടെ വാടക ഫഌറ്റിലിരുന്ന് ബീന സന്ദര്‍ശിക്കാനെത്തിയ മുസ്‌ലിംലീഗ്-കെഎംസിസി ഭാരവാഹികളോട് പറഞ്ഞു. അച്ചുവിന്റെ സഹദോരന്‍ കൂടിയായ കെ എ യൂസഫ്, ടി ബി സിറാജ്, എ എ ഹുസൈന്‍, മനാഫ്, മുസ്‌ലിംലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി സുല്‍ത്താന്‍ ബാബു, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് സി കെ അഷറഫലി എന്നിവരും ഒപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it