ദമ്പതികളുടെ മരണം: അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം

ചങ്ങനാശ്ശേരി: ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം. എസ്‌ഐ ഷെമീര്‍ഖാനെതിരേ കേസെടുക്കാന്‍ തെളിവില്ലെന്ന നിലപാടാണ്് കേസന്വേഷിക്കുന്ന പോലിസ് സംഘം ഉന്നയിക്കുന്നത്. മാത്രമല്ല, മരണത്തിന് ഉത്തരവാദിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന സിപിഎം ചങ്ങനാശ്ശേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ സജികുമാറിനെതിരേ കേസെടുക്കുന്നതില്‍ നിന്നും പോലിസ് പിന്‍മാറുകയും ചെയ്തു.
ചങ്ങനാശ്ശേരി പുഴവാത് ഇല്ലംപള്ളില്‍ ഇടവളഞ്ഞിയില്‍ സുനില്‍കുമാര്‍ (31), ഭാര്യ രേഷ്മ(27) എന്നിവരാണു കഴിഞ്ഞ ബുധനാഴ്ച ആത്മഹത്യ ചെയ്തത്. ദമ്പതികളുടെ പോസ്റ്റ്മാര്‍ട്ടം റിപോര്‍ട്ടില്‍ സുനിലിന്റെ ദേഹത്ത് ക്രൂരമായി മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്താനായിരുന്നില്ല. ഇതാണ് മര്‍ദിച്ചതായി പറയപ്പെടുന്ന എസ്‌ഐ ഷെമീര്‍ഖാനെതിരേ കേസെടുക്കാനാവില്ലെന്നതിനു കാരണമായി പോലിസ് പറയുന്നത്. അതേസമയം, സുനിലിന്റെ ശരീരത്തില്‍ നാല് ചതവുകളുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. വടിപോലുള്ള വസ്തുക്കള്‍കൊണ്ട് അടിച്ചാലുള്ള പാടുകളാണെന്ന സംശയവും ഫോറന്‍സിക് വിഭാഗം പങ്കുവച്ചിരുന്നു. ഇതേക്കുറിച്ചൊന്നും പോലിസ് അന്വേഷണമുണ്ടായിട്ടില്ല. എന്നാല്‍, ദമ്പതികളെ പോലിസ് മര്‍ദിച്ചിട്ടില്ലെന്നായിരുന്നു സുനിലിനൊപ്പം ചോദ്യംചെയ്തിരുന്ന രാജേഷും ഇയാളുടെ ഭാര്യയും അന്വേഷണസംഘത്തോടു പറഞ്ഞത്. ഇതും സജികുമാറിനെതിരേയും എസ്‌ഐക്കെതിരേയും കേസെടുക്കാതിരിക്കാനുള്ള കാരണമായി പോലിസ് പറയുന്നു.
അതേസമയം,  ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ഇപ്പോള്‍ നടക്കുന്ന അന്വേഷണം മന്ദഗതിയിലും ജനത്തെ കബളിപ്പിക്കാനുള്ളതുമാണ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രതികളെ രക്ഷിക്കാന്‍ വേണ്ടി മാത്രമാണുള്ളതെന്നും മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനാവശ്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിജിപിക്കു കത്തയക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it