Kottayam Local

ദമ്പതികളുടെ തിരോധാനം; പോലിസിന്റെ പിടിപ്പുകേടെന്ന് ആക്ഷന്‍ കൗണ്‍സില്‍



അറുപറ: താഴത്തങ്ങാടി അറുപറയില്‍നിന്ന് ദമ്പതികളെ കാണാതായി 32 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ ഒരു പുരോഗതിയുമില്ലാത്തത് പോലിസിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് ആക്ഷേപം. ഉന്നതതലസംഘത്തെ നിയോഗിച്ച് അന്വേഷണം വ്യാപിപ്പിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ആവശ്യപ്പെട്ടു. കഴിഞ്ഞമാസം ആറിനാണ് ദമ്പതികളായ ഒറ്റക്കണ്ടത്തില്‍ ഹാഷി (42) മിനെയും ഹബീബയേ (37) യും കാണാതായത്. പുതുതായി വാങ്ങിയ ഗ്രേ കളര്‍ മാരുതി വാഗണ്‍ ആര്‍ കാറില്‍ ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞായിരുന്നു ഇവര്‍ പുറത്തേക്കുപോയത്. എന്നാല്‍, പിറ്റേന്ന് രാവിലെയും ഇവര്‍ മടങ്ങിവരാതായതോടെ ബന്ധുക്കള്‍ കുമരകം പോലിസില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണ്‍, പേഴ്‌സ്, എടിഎം കാര്‍ഡ് എന്നിവ വീട്ടില്‍ വച്ചിട്ടായിരുന്നു ഇവര്‍ പോയത്. ഇവര്‍ സഞ്ചരിച്ച കാറിന്റെ ദൃശ്യം സിസി ടിവിയില്‍ പതിയാതിരുന്നതും അന്വേഷണത്തിനു വെല്ലുവിളിയായി. കോട്ടയം എസ്പി എന്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേക്ഷണ സംഘം രൂപീകരിച്ചെങ്കിലും അന്വേഷണ പുരോഗതിയുണ്ടായില്ല. കാര്‍ അപകടത്തില്‍ പെട്ടെന്ന നിഗമനത്തില്‍ മീനച്ചിലാറ്റില്‍ നേവിയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലും ഫലം കണ്ടില്ല. ഇരുവരെയും കാണാതാവുന്നതിനു തലേന്ന് ഇടുക്കി പരുന്തുംപാറയില്‍ കണ്ടെന്ന അഭ്യൂഹത്തിന്റെ പേരിലും അന്വേഷണ സംഘം നെട്ടോട്ടമോടി. തീര്‍ത്ഥാടനകേന്ദ്രങ്ങളായ ഏര്‍വാടിയിലും ബീമാപ്പളളിയിലും അന്വേഷിച്ചു. വീടിനോടു ചേര്‍ന്ന് പലചരക്കുകട നടത്തുകയായിരുന്നു ഹാഷിം. ഇരുവര്‍ക്കും എന്തു സംഭവിച്ചെന്ന യാഥാര്‍ഥ്യം പോലിസ് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇല്ലിക്കലില്‍ കൂട്ടായ്മ നടത്തിയത്. എം എസ് ബഷീര്‍ അധ്യക്ഷത വഹിച്ചു. റൂബി ചാക്കോ, അബ്ദുല്‍ കരിം, നാസര്‍ ചാത്തന്‍കോട്ട് മാലി, സക്കീര്‍ ചങ്ങംപളളി, പി എ ഹാഷിം, അന്‍സാരി കോട്ടയം, സുഗത ടീച്ചര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it