ദബോല്‍ക്കര്‍ വധം: ഹിന്ദുജനജാഗ്രതി സമിതി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മുംബൈ: പ്രമുഖ യുക്തിവാദി നരേന്ദ്ര ദബോല്‍ക്കറെ കൊലപ്പെടുത്തിയ കേസില്‍ ഹിന്ദുജനജാഗ്രതി സമിതി അംഗത്തെ സിബിഐ അറസ്റ്റ് ചെയ്തു. വിരേന്ദ്ര സിങ് താവ്‌ഡെയെ ആണ് വെള്ളിയാഴ്ച രാത്രി പനവേലില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ദബോല്‍ക്കര്‍ വധക്കേസില്‍ ഇതാദ്യമായാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.
ഗോവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വസംഘടനയായ സനാതന്‍ സന്‍സ്ഥയുമായി ബന്ധമുള്ള സംഘടനയാണ് ജനജാഗ്രതിസമിതി. മറ്റൊരു യുക്തിവാദിയായ ഗോവിന്ദ് പന്‍സാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പോലിസിന്റെ നിരീക്ഷണത്തിലുള്ള സംഘടനയാണ് സനാതന്‍ സന്‍സ്ഥ. 2013 ആഗസ്ത് 20നാണ് ദബോല്‍ക്കര്‍ പട്ടാപ്പകല്‍ വെടിയേറ്റു മരിച്ചത്.
2014 മെയില്‍ ബോംബെ ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്. ദബോല്‍ക്കറുടെ കൊലപാതകം രാജ്യത്ത് വന്‍ രോഷത്തിനിടയാക്കിയിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ തിരച്ചിലില്‍ സിബിഐക്ക് ചില തെളിവുകള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംശയത്തിന്റെ നിഴലിലായിരുന്നു തവ്‌ഡെ. സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകന്‍ സാരംഗ് അകോല്‍ക്കറുടെ അനുയായിയായ തവ്‌ഡെ ഇഎന്‍ടി സര്‍ജനാണെന്നാണ് കരുതപ്പെടുന്നത്.
2009ലെ ഗോവ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ അഭ്യര്‍ഥന പ്രകാരം അകോല്‍ക്കര്‍ക്കെതിരേ 2012 ജൂലൈയില്‍ ഇന്റര്‍പോള്‍ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെന്ന് സിബിഐ വക്താവ് ദേവ് പ്രീത് സിങ് അറിയിച്ചു.
താവ്‌ഡെയുടെയും അകോല്‍ക്കറുടെയും വസതികള്‍ പരിശോധിച്ച സിബിഐ, നിരവധി സിംകാര്‍ഡുകളും സെല്‍ഫോണുകളും കംപ്യൂട്ടര്‍ വിവരങ്ങളും കണ്ടെത്തിയിരുന്നു. താവ്‌ഡെയ്ക്കും അകോല്‍ക്കര്‍ക്കുമെതിരേ സൈബര്‍ഫോറന്‍സിക്ക് തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്.
ദബോല്‍ക്കര്‍ വധത്തിന്റെ മുഖ്യ ആസൂത്രകന്‍ 34 കാരനായ അകോല്‍ക്കര്‍ ആണെന്നാണ് സിബിഐ സംശയിക്കുന്നത്.
ഗോവ സ്‌ഫോടനക്കേസിലെ അന്വേഷണത്തില്‍ സംശയിക്കപ്പെട്ടതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇന്റര്‍പോള്‍ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അകോല്‍ക്കറെ പിടികൂടാന്‍ സുരക്ഷാ ഏജന്‍സികള്‍ക്കായിട്ടില്ല.
Next Story

RELATED STORIES

Share it