ദക്ഷിണ സുദാന്‍: റിയേക്ക് മച്ചാര്‍ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റു

ജൂബ: ദക്ഷിണസുദാന്‍ വൈസ് പ്രസിഡന്റായി വിദേശവാസം കഴിഞ്ഞ് തിരിച്ചെത്തിയ വിമതനേതാവ് റിയേക്ക് മച്ചാറെ പ്രസിഡന്റ് സാല്‍വാ കിര്‍ നിയമിച്ചു.
ദക്ഷിണസുദാനില്‍ രണ്ടു വര്‍ഷമായി തുടരുന്ന ആഭ്യന്തരസംഘര്‍ഷത്തിന് അറുതി വരുത്താന്‍ നീക്കം ഉപകരിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. വിമതനേതാവിന്റെ തിരിച്ചുവരവോടെ പുതിയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനിരിക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ യുദ്ധം മൂലം തളര്‍ന്നിരിക്കുകയാണെന്നും അവര്‍ക്ക് സമാധാനം ആവശ്യമാണെന്നും കിര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഐക്യത്തിലൂടെയാണ് ശക്തി കാണിക്കേണ്ടതെന്നും അതിലൂടെ രാജ്യത്തെ പ്രതിസന്ധികളെല്ലാം തരണം ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.
2013 ഡിസംബറില്‍ രാജ്യത്ത് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുപിന്നാലെ 23 ലക്ഷത്തോളം പേര്‍ക്കാണ് വീടുവിട്ടോടിപ്പോവേണ്ടി വന്നത്. ആഗസ്തില്‍ കിറും മച്ചാറും സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചിരുന്നെങ്കിലും പല കാരണങ്ങളാല്‍ വിവിധഭാഗങ്ങളില്‍ കരാര്‍ ലംഘിക്കപ്പെട്ടു. യുഎന്‍ നേതൃത്വത്തിലുള്ള അഭയാര്‍ഥി ക്യാംപുകളില്‍ വീടുകള്‍ നഷ്ടപ്പെട്ട രണ്ടു ലക്ഷത്തോളം പേരാണ് കഴിയുന്നത്. മച്ചാര്‍ തിരിച്ചെത്തിയതോടെ ജനങ്ങള്‍ തെരുവില്‍ ആഘോഷപ്രകടനങ്ങള്‍ നടത്തി.
Next Story

RELATED STORIES

Share it