ദക്ഷിണ മേഖല അന്തര്‍സര്‍വകലാശാലാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് തുടക്കം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യം വഹിക്കുന്ന ദക്ഷിണമേഖല അന്തര്‍ സര്‍വകലാശാലാ പുരുഷ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് തുടക്കമായി. ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പി അബ്ദുല്‍ ഹമീദ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി മോഹന്‍ അധ്യക്ഷത വഹിച്ചു. കായിക വകുപ്പ് ഡയറക്ടര്‍ ഡോ.   വി പി സക്കീര്‍ ഹുസയ്ന്‍, യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാന്‍ പി സുജ പ്രസംഗിച്ചു. രജിസ്ട്രാര്‍ ഡോ. ടി എ അബ്ദുല്‍ മജീദ് സ്വാഗതവും കായിക വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കെ പി മനോജ് നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ഫുട്‌ബോള്‍ താരങ്ങള്‍ അണിനിരന്ന ഘോഷയാത്രയും സംഘടിപ്പിച്ചു. സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പിലെ ആദ്യ പാസ് എംഎല്‍എ പി അബ്ദുല്‍ ഹമീദിന് നല്‍കി. സര്‍വകലാശാലാ പതാക വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറും അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്‌സിറ്റീസിന്റെ പതാക പി അബ്ദുല്‍ ഹമീദ് എംഎല്‍എയും ഉയര്‍ത്തി.ഇന്നു മുതല്‍ 29വരെ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 92 സര്‍വകലാശാലാ ടീമുകള്‍ മാറ്റുരക്കും. നാല് പൂളുകളായാണ് മല്‍സരം. ഓരോ പൂളിലും 23 ടീമുകളാണ് മല്‍സരിക്കുക. പൂള്‍ എ മല്‍സരങ്ങള്‍ ഫാറൂഖ് കോളജിലും, പൂള്‍ ബി കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജിലും, സി, ഡി മല്‍സരങ്ങള്‍ സര്‍വകലാശാലാ സ്റ്റേഡിയത്തിലുമാണ് നടക്കുക. ഓരോ പൂളുകളിലും ഓരോ ദിവസവും നാല് വീതം മല്‍സരങ്ങളാണ് നടക്കുക. രാവിലെ ഏഴ് മണിക്ക് മല്‍സരങ്ങള്‍ ആരംഭിക്കും.
Next Story

RELATED STORIES

Share it