ദക്ഷിണ നാവിക ആസ്ഥാനത്ത് ജവാന്‍ വെടിയേറ്റ് മരിച്ചു

കൊച്ചി: കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഡിഫന്‍സ് സെക്യൂരിറ്റി കോര്‍—(ഡിഎസ്‌സി) ജവാന്‍ തൃശൂര്‍ കോച്ചേരി റോഡ് കരിങ്കന്‍പുള്ളി കെ ശിവദാസന്‍(53) ആണ് ഇന്നലെ പുലര്‍ച്ചെ 1.30ന് മരിച്ചത്.
രാത്രി 11 മുതല്‍ 3 മണിവരെയുള്ള ഷിഫ്റ്റില്‍ നാവികസേനാ ആസ്ഥാനത്തിനകത്തുള്ള അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ എയ്ഡ്‌പോസ്റ്റില്‍ കാഷ് ഗാര്‍ഡിന്റെ ഡ്യൂട്ടിയിലായിരുന്നു ശിവദാസന്‍. വെടിയൊച്ച കേട്ട് സുരക്ഷാ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് ശിവദാസനെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടത്.—
ശിവദാസന്റേത് ആത്മഹത്യയോ അബദ്ധത്തില്‍ വെടിപൊട്ടിയുള്ള അപകട മരണമോ ആണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ആലപ്പുഴ മെഡിക്കല്‍ കോളജിലെ സര്‍ജന്‍ പോലിസിന് നല്‍കിയ വിവരം. ഇന്‍സാസ് റൈഫിള്‍ ഉപയോഗിച്ച് പോയിന്റ് ബ്ലാങ്കിലാണ് വെടിയുതിര്‍ത്തിരിക്കുന്നത്. കീഴ്ത്താടിയില്‍ നിന്ന് തലയിലേക്ക് തുളച്ചു കയറിയ വെടിയുണ്ട തലയോട്ടി തകര്‍ത്ത് പുറത്തേക്ക് പോയി. വെടിയുണ്ട കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഹാര്‍ബര്‍ പോലിസ് കേസെടുത്തു. സംഭവത്തില്‍ നാവിക സേനയും അന്വേഷണം പ്രഖ്യാപിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ശിവദാസന് ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്. മക്കള്‍ വിവാഹിതരാണ്. ശിവദാസന്‍ നേവല്‍ ബേസിലായിരുന്നു താമസം. നാവിക സേനാ ആസ്ഥാനത്ത് പത്തുദിവസത്തിനിടയില്‍ നടക്കുന്ന രണ്ടാമത്തെ അപകടമരണമാണിത്. കഴിഞ്ഞ 14ന് നേവല്‍ ബേസില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായ ചെന്നൈ സ്വദേശി എസ് ശ്രീവല്‍സന്‍(26) ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് താഴെ വീണ് മരിച്ചിരുന്നു.
Next Story

RELATED STORIES

Share it