World

ദക്ഷിണ ചൈനാ കടലില്‍ യുഎസ് പടക്കപ്പലുകള്‍

ബെയ്ജിങ്: ചൈന അവകാശവാദം ഉന്നയിക്കുന്ന ദക്ഷിണ ചൈനാ കടലിലൂടെ യുഎസ് നാവികസേനയുടെ രണ്ടു യുദ്ധക്കപ്പലുകള്‍ കടന്നുപോയതായി റിപോര്‍ട്ട്. രണ്ട് യുഎസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം വാര്‍ത്താ ഏജന്‍സിയെ അറിയിച്ചത്.
വിവിധ രാജ്യങ്ങള്‍ അവകാശവാദം ഉന്നയിക്കുന്ന തന്ത്രപ്രധാന മേഖലയില്‍ നാവിക സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താനുള്ള ബെയ്ജിങിന്റെ ശ്രമത്തെ പ്രതിരോധിക്കാനെന്ന നിലയിലാണ് യുഎസ് നടപടി.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള ഉച്ചകോടി തുടരാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ യുഎസിന്റെ പുതിയ നീക്കം ചൈനയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. യുഎസിന്റെ പ്രവൃത്തി പ്രകോപനപരമാണെന്നു ചൈനീസ് പ്രതിരോധന മന്ത്രി പ്രതികരിച്ചു. യുഎസിന്റെ പ്രവൃത്തി ചൈനയുടെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും അനുവാദം കൂടാതെയാണ് അവര്‍ തങ്ങളുടെ ജലഅതിര്‍ത്തിയില്‍ കടന്നതെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ചൈനീസ് കപ്പലുകള്‍ യുഎസ് കപ്പലുകള്‍ക്ക് മേഖല വിടാന്‍ മുന്നറിയിപ്പു നല്‍കിയതായും അദ്ദേഹം അറിയിച്ചു.
യുഎസിന്റെ നേതൃത്വത്തില്‍ നടന്ന നാവികാഭ്യാസ പ്രകടനത്തില്‍ ചൈനയെ ഒഴിവാക്കിയതിനു പിന്നാലെയാണ് യുഎസിന്റെ യുദ്ധക്കപ്പല്‍ ദക്ഷിണ ചൈനാ കടലില്‍ പ്രത്യക്ഷപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.
ചൈന അവകാശവാദം ഉന്നയിക്കുന്ന പാരാസെല്‍ ദ്വീപില്‍ നിന്നു 12 നോട്ടിക്കല്‍ മൈല്‍ അകലെയാണ് മിസൈല്‍ പ്രതിരോധ ഹിഗ്ഗിന്‍സ്, ക്രൂയിലര്‍ മിസൈലുകളെ വഹിക്കുന്ന അന്റിടാം എന്നീ കപ്പലുകള്‍ എത്തിയതെന്നു യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാരാസെലിലെ ട്രീ, ലിന്‍കോണ്‍, വൂഡി ദ്വീപുകളില്‍ ആസൂത്രണങ്ങള്‍ നടത്താനാണ് യുഎസ് സൈനിക കപ്പലുകള്‍ എത്തിയത്.
എന്നാല്‍, ഈ വാര്‍ത്തകളോട് യുഎസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ മാസം ആദ്യത്തില്‍ ദക്ഷിണ ചൈനാ കടലില്‍ ചൈന ബോംബറുകള്‍ വിന്യസിച്ചിരുന്നു.
Next Story

RELATED STORIES

Share it