ദക്ഷിണാഫ്രിക്ക: വീടുനിര്‍മാണത്തിനു ചെലവഴിച്ച പണം സുമ തിരിച്ചടയ്ക്കണമെന്ന് കോടതി

ജോഹനാസ്ബര്‍ഗ്: സ്വകാര്യ വസതിക്കായി പൊതുഖജനാവില്‍ നിന്നു ചെലവഴിച്ച 16 ദശലക്ഷം ഡോളര്‍ തിരിച്ചടയ്ക്കുന്നതില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ വീഴ്ചവരുത്തിയതായും തുക തിരിച്ചടയ്ക്കണമെന്നും പരമോന്നത കോടതി. ഭരണഘടനയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ജേക്കബ് സുമ പരാജയപ്പെട്ടതായും അഴിമതിവിരുദ്ധ നിരീക്ഷണ സമിതിയുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചതായും കോടതി കണ്ടെത്തി. ചീഫ് ജസ്റ്റിസ് മുഗോയങ് മുഗോയങിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഐകകണ്‌ഠ്യേനയാണു വിധി പ്രഖ്യാപിച്ചത്.
പ്രധാന പ്രതിപക്ഷ കക്ഷികളായ ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്‌സും (ഇഎഫ്എഫ്) ഡമോക്രാറ്റിക് അലയന്‍സു(ഡിഎ)മാണ് സുമയ്‌ക്കെതിരേ കേസ് ഫയല്‍ചെയ്തിരുന്നത്.
വിധി പ്രതികൂലമായ സാഹചര്യത്തില്‍ സുമ രാജിവയ്ക്കണമെന്ന് ഇഎഫ്എഫ് ആവശ്യപ്പെട്ടു. സുമയെ ഇംപീച്ച് ചെയ്യാന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെടുമെന്ന് ഡിഎ പാര്‍ട്ടിയും അറിയിച്ചു. ഇതിനായുള്ള പ്രചാരണങ്ങളും ഇരുകക്ഷികളും ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇംപീച്ച്‌മെന്റ് നടപടി ഏതുവിധേനയും പരാജയപ്പെടുത്താനുള്ള നീക്കത്തിലാണു സുമയുടെ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ്.
സുമ എത്ര പണം തിരിച്ചടയ്ക്കണമെന്നു തീരുമാനിക്കാന്‍ ട്രഷറിക്ക് കോടതി രണ്ടുമാസത്തെ സമയം അനുവദിച്ചു. വലിയ നീന്തല്‍ക്കുളവും ആംഫി തിയേറ്ററും ഉള്‍ക്കൊള്ളുന്ന വീടുനിര്‍മാണത്തിനു സുമ പൊതുഖജനാവ് കൊള്ളയടിച്ചതായി നേരത്തെ തന്നെ പ്രതിപക്ഷം ആരോപിച്ചിരുന്നു.
ക്വാസുലു നാതല്‍ പ്രവിശ്യയിലെ വീടുനിര്‍മാണത്തിനായി സുമ 23 ദശലക്ഷം ഡോളര്‍ ചെലവഴിച്ചതായി 2014ല്‍ അഴിമതിവിരുദ്ധ സമിതി കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it