ദക്ഷിണാഫ്രിക്ക: പ്രസിഡന്റ് സുമ മാപ്പുപറഞ്ഞു

ജൊഹാനസ്ബര്‍ഗ്: സ്വകാര്യ വസതിക്കായി പൊതുഖജനാവില്‍നിന്നു പണം ചെലവഴിച്ച സംഭവത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ മാപ്പു പറഞ്ഞു. കോടതി വിധി മാനിക്കുന്നതായും വസതിനിര്‍മാണത്തിനു ചെലവഴിച്ച 16 ദശലക്ഷം ഡോളര്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും സുമ അറിയിച്ചു. ഭരണഘടനയെ എതിര്‍ക്കാന്‍ താല്‍പര്യപ്പെടുന്നില്ല. ഈ വിഷയം മൂലമുണ്ടായ അസ്ഥിരതയ്ക്കും പ്രതികൂലസാഹചര്യങ്ങള്‍ക്കും താനും സര്‍ക്കാരും മാപ്പു ചോദിക്കുന്നു- അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസം മുമ്പാണ് 16 ദശലക്ഷം ഡോളര്‍ തിരിച്ചടയ്ക്കുന്നതില്‍ സുമ വീഴ്ചവരുത്തിയതായും തുക തിരിച്ചടയ്ക്കണമെന്നും രാജ്യത്തെ പരമോന്നത കോടതി ഉത്തരവിട്ടത്. ഭരണഘടനയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സുമ പരാജയപ്പെട്ടതായും അഴിമതിവിരുദ്ധ നിരീക്ഷണ സമിതിയുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചതായും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കോടതിവിധിക്കു പിന്നാലെ സുമയെ കുറ്റവിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ഇഎഫ്എഫ് പാര്‍ട്ടിയും രംഗത്തെത്തി. 105 ദിവസമാണ് തുക തിരിച്ചടയ്ക്കാന്‍ കോടതി നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it