World

ദക്ഷിണാഫ്രിക്കരാജി ആവശ്യം ജേക്കബ് സുമ തള്ളി

ജോഹന്നാസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കണമെന്ന ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് (എഎന്‍സി)പാര്‍ട്ടിയുടെ നിര്‍ദേശം ജേക്കബ് സുമ തള്ളി. ഞായറാഴ്ച പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തിയെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. എന്നാല്‍, ചര്‍ച്ചയുടെ വിശദാംശങ്ങള്‍  പുറത്തു വിട്ടിട്ടില്ല. സുമയുമായി തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത ആഴ്ച സുമ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനു മുമ്പ്് അദ്ദഹേത്തെ പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രമം. തനിക്കും കുടുംബത്തിനും എതിരേ ശിക്ഷാ നടപടികള്‍ സ്വീകരിക്കരുതെന്ന് ചര്‍ച്ചയില്‍ സുമ ആവശ്യപ്പെട്ടതായാണ് വിവരം. വ്യാപക അഴിമതി ആരോപണത്തെത്തുടര്‍ന്ന്്് കഴിഞ്ഞ ഡിസംബറില്‍ സുമയെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തു നിന്നു പുറത്താക്കുകയും സിറില്‍ റാമഫോസയെ  എഎന്‍സി  പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. വര്‍ണ വിവേചനത്തിനെതിരായ സമരങ്ങളെത്തുടര്‍ന്ന് സുമ ദീര്‍ഘകാലം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യത്തെ എച്ച്‌ഐവി, എയിഡ്‌സ് ബാധിതരുടെ എണ്ണം കുറയുകയും വികസന പദ്ധതികള്‍ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ നേടുകയും ചെയ്തിരുന്നു. എന്നാല്‍,  അഴിമതി ആരോപണങ്ങള്‍ അദ്ദേഹത്തിന് തിരിച്ചടിയാവുകയായിരുന്നു. സാമ്പത്തിക അഴിമതി, വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് എന്നീ ആരോപണങ്ങളാണ് സുമയ്‌ക്കെതിരേ നിലനില്‍ക്കുന്നത്്. ആയുധ ഇടപാടില്‍ സുമയും ഉദ്യോഗസ്ഥരും അഴിമതി നടത്തിയതായും ആരോപണമുണ്ട്.  സുമയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള നീക്കം എഎന്‍സിയെ പിളര്‍പ്പിലേക്കു നയിക്കുമെന്നും ഇത് 2019ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നുമാണ് രഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തല്‍. തലസ്ഥാനമായ ജോഹന്നാസ് ബര്‍ഗില്‍ സുമയെ അനുകൂലിച്ചും പ്രതികൂലിച്ചും പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിട്ടുണ്ട്്.
Next Story

RELATED STORIES

Share it