ദക്ഷിണാഫ്രിക്കന്‍ വയോധികയുടെ നാടുകടത്തല്‍ ബ്രിട്ടന്‍ മരവിപ്പിച്ചു

ലണ്ടന്‍: 92 വയസ്സുള്ള ദക്ഷിണാഫ്രിക്കന്‍ വയോധികയെ നാടുകടത്താനുള്ള നീക്കം ബ്രിട്ടിഷ് ഭരണകൂടം മരവിപ്പിച്ചു. മകളുടെ സംരക്ഷണത്തില്‍ ഡോര്‍സെറ്റില്‍ കഴിയുന്ന മിര്‍ട്ടില്‍ കോത്തിലിനെതിരേയുള്ള നീക്കമാണ് ജന സമ്മര്‍ദ്ദത്തെ തുടര്‍ന്നു ഭരണകൂടം നിര്‍ത്തിവച്ചത്.
രാജ്യത്ത് തുടരാന്‍ അനുവദിക്കണമെന്ന ഹരജി തള്ളിയതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലേക്കു പോവാന്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അതിനിടെയാണ് നടപടി താല്‍ക്കാലികമായി നിര്‍ത്തിവച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടത്.
കോത്തിലിനെ ബ്രിട്ടനില്‍ തുടരാന്‍ അനുവദിക്കണമെന്ന് 75,000ലധികം പേര്‍ ഒപ്പുവച്ച ഓണ്‍ലൈന്‍ ഹരജി ആവശ്യമുയര്‍ത്തിയിരുന്നു. വിധവയായ കോത്തില്‍ രണ്ടു വര്‍ഷം മുമ്പാണ് സന്ദര്‍ശക വിസയില്‍ ബ്രിട്ടനിലെത്തിയത്. വിസ കാലാവധി അവസാനിച്ചതിനാല്‍ രാജ്യത്ത് തുടരാനാവില്ലെന്നായിരുന്നു ബ്രിട്ടിഷ് നിലപാട്.
ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഇവര്‍ക്ക് കാഴ്ചശക്തിയും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതുമൂലം പരസഹായമില്ലാതെ നടക്കാന്‍ പോലുമാവില്ല. മകള്‍ വില്‍സിയ്ക്കും മരുമകന്‍ ഡേവിഡിനും ദക്ഷിണാഫ്രിക്കന്‍ പൗരത്വമില്ലാത്തതിനാല്‍ കോത്തിലിനൊപ്പം ദക്ഷിണാഫ്രിക്കയില്‍ താമസിക്കാനാവില്ല. മാതാവിന്റെ ദക്ഷിണാഫ്രിക്കയിലേക്കുള്ള തിരിച്ചുപോക്ക് ദുരന്തമായിരിക്കുമെന്നു ഭയപ്പെടുന്നതായി വില്‍സി പറഞ്ഞു.
Next Story

RELATED STORIES

Share it