ത്വലാഖ് ബില്ല്: ഏക സിവില്‍കോഡ് കൊണ്ടുവരാനുള്ള ഗൂഢശ്രമം- എ സഈദ്‌

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ത്വലാഖ് ബില്ല് പിന്‍വാതിലിലൂടെ രാജ്യത്ത് ഏക സിവില്‍കോഡ് കൊണ്ടുവരാനുള്ള സംഘപരിവാര ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ദേശീയ പ്രസിഡന്റ് എ സഈദ്. കെ പി കേശവ മേനോന്‍ ഹാളില്‍ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലും ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച തഹാഫുസെ ശരീഅത്ത് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായി രാഷ്ട്രപതി ഒപ്പു വച്ച് നിയമമായാല്‍ പിന്നീടു ചെറിയ ഭേദഗതികളിലൂടെ ത്വലാഖ് തന്നെ നിരോധിക്കാനാവും. സംഘപരിവാരം മുസ്‌ലിം സ്ത്രീകളെ രക്ഷിക്കാനാണു ത്വലാഖ് ബില്ല് അവതരിപ്പിക്കുന്നതെന്നു കരുതുന്നതു മൗഢ്യമാണ്. ഈ ബില്ല് പാസായാല്‍ മുസ്‌ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന്റെ പേരു പറഞ്ഞ് ശരീഅത്തിലെ അനന്തരാവകാശ നിയമത്തിലും അവര്‍ കൈവയ്ക്കും. ത്വലാഖ് ബില്ല് ലോക്‌സഭ പാസാക്കിയപ്പോള്‍ മുസ്‌ലിം സംഘടനകളും നേതാക്കളും വേണ്ടത്ര പ്രതികരിച്ചില്ല.
ഭരണഘടന എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യത്തിനു മേല്‍ ഭരണകൂടം അന്യായമായി ഇടപെടുമ്പോ ള്‍ അതിനെതിരേ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സഈദ് പറഞ്ഞു.
പരിപാടിയില്‍ ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ദാറുല്‍ ഖദാ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ മൗലാന മുഫ്തി തബ്‌റേസ് ആലം അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാന ഈസാ ഫാളില്‍ മമ്പഈ, മൗലാന മുഫ്തി ഫയാസ് ആലം, കരമന അശ്‌റഫ് ബാഖവി, മൗലാന ഉസ്മാന്‍ ബേഗ് റഷാദി, കെ എം ശരീഫ്, മുഫ്തി ഹനീഫ് അഹ്‌റാര്‍ ഖാസിമി, ദാറുല്‍ ഖദാ സംസ്ഥാന പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ബാഖവി, പി കെ സുലൈമാന്‍ മൗലവി സംസാരിച്ചു.
Next Story

RELATED STORIES

Share it