Flash News

ത്രീലയണ്‍സ് വീണു; ഫ്രാന്‍സ് - ക്രൊയേഷ്യ ഫൈനല്‍

ത്രീലയണ്‍സ് വീണു; ഫ്രാന്‍സ് - ക്രൊയേഷ്യ ഫൈനല്‍
X


മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ ഹാരി കെയ്‌ന്റെയും സംഘത്തിന്റെയും പോരാട്ടം അവസാനിച്ചു. സെമിയില്‍ ക്രൊയേഷ്യ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ക്രൊയേഷ്യ വിജയം പിടിച്ചത്. പെരിസിക്കും മാന്‍സൂക്കിച്ചും ക്രൊയേഷ്യക്കായി വലകുലുക്കിയപ്പോള്‍ ട്രിപ്പിയറാണ് ഇംഗ്ലണ്ടിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്. ക്രൊയേഷ്യയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ ഫൈനലാണിത്.
നിര്‍ണായക പോരാട്ടത്തില്‍ 3-5-2 ഫോര്‍മാറ്റില്‍ ഇംഗ്ലീഷ് നിര ബൂട്ടുകെട്ടിയപ്പോള്‍ 4-2-3-1 ഫോര്‍മാറ്റിലായിരുന്നു ക്രൊയേഷ്യയുടെ പടപ്പുറപ്പാട്. മല്‍സരത്തിന്റെ അഞ്ചാം മിനിറ്റില്‍ത്തന്നെ ക്രൊയേഷ്യന്‍ നിരയുടെ ആത്മവീര്യം കെടുത്തി ഇംഗ്ലണ്ട് അക്കൗണ്ട് തുറന്നു. ക്രൊയേഷ്യന്‍ ബോക്‌സിന് തൊട്ടടുത്ത് നിന്ന് ഇംഗ്ലണ്ട് താരം ജെസി ലിംഗാര്‍ഡിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കിനെ ലക്ഷ്യം പിഴക്കാതെ ട്രിപ്പിയര്‍ വലയിലെത്തിക്കുകയായിരുന്നു. ഇംഗ്ലണ്ട് ജഴ്‌സിയില്‍ ട്രിപ്പിയറിന്റെ ആദ്യ ഗോളായിരുന്നു ഇത്.
ലീഡെടുത്തതോടെ വ്യക്തമായ അധിപത്യത്തോടെ ഇംഗ്ലണ്ട് പന്തുതട്ടിയതോടെ ക്രൊയേഷ്യന്‍ ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തി. 19ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ ഇവാന്‍ പെരിസിച്ച് ഇംഗ്ലീഷ് പോസ്റ്റിലേക്ക് തകര്‍പ്പന്‍ ഷോട്ടുതിര്‍ത്തെങ്കിലും പോസ്റ്റിന് സമീപത്തുകൂടി കടന്നുപോയി. 22ാം മിനിറ്റില്‍ ക്രൊയേഷ്യന്‍ പ്രതിരോധതാരം വിഡയുടെ പിഴവില്‍ റഹിം സ്റ്റെര്‍ലിങ് പന്ത് ലഭിച്ചു. സ്റ്റെര്‍ലിങ് ഹാരി കെയ്‌ന് പാസ് നല്‍കിയെങ്കിലും പന്ത് പിടിച്ചെടുക്കുമ്പോള്‍ ഹാരി കെയ്ന്‍ ഓഫ്‌സൈഡായിരുന്നതിനാല്‍ അവസരം നഷ്ടപ്പെടുന്നു. 30ാം മിനിറ്റില്‍ ഹാരി കെയ്‌ന് വീണ്ടും അവസരം ലഭിച്ചെങ്കിലും ഇത്തവണയും താരം ഓഫ്‌സൈഡായി അവസരം നഷ്ടപ്പെടുത്തി. 36ാം മിനിറ്റില്‍ ലീഡുയര്‍ത്താന്‍ ലഭിച്ച സുവര്‍ണാവസരം ലിംഗാര്‍ഡും പാഴാക്കി. ബോക്‌സിനുള്ളില്‍ നിന്ന് ഡെലി അലി ലിംഗാര്‍ഡിന് പാസ് നല്‍കിയെങ്കിലും ലിംഗാര്‍ഡിന്റെ ദുര്‍ബല ഷോട്ട് ലക്ഷ്യം കാണാതെ പുറത്തുപോയി. പിന്നീടുള്ള ആദ്യ പകുതിയിലെ സമയത്ത് ഗോളകന്ന് നിന്നതോടെ  1-0ന്റെ ആധിപത്യത്തോടെയാണ് ഇംഗ്ലണ്ട് കളം പിരിഞ്ഞത്.
എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ട് മുന്നേറിയ ക്രൊയേഷ്യ 68ാം മിനിറ്റില്‍ സമനില പിടിച്ചു. സിമേ വ്രസാല്‍ക്കോ വലത് വിങില്‍ നിന്ന് പോസ്റ്റിലേക്ക് ഉയര്‍ത്തി നല്‍കിയ പന്തിനെ ഇംഗ്ലണ്ട് ഡിഫന്‍ഡര്‍ കൈല്‍ വാള്‍ക്കറിന് മുകളിലൂടെ കാല്‍വച്ച് പെരിസിച്ച് വലയിലെത്തിക്കുകയായിരുന്നു. മല്‍സരം 1-1 സമനിലയില്‍. പിന്നീടുള്ള സമയത്തും മൂന്ന് മിനിറ്റ് ഇഞ്ചുറി ടൈമിലും ഗോള്‍ പിറക്കാതെ വന്നതോടെ മല്‍സരം അധിക സമയത്തേക്ക് നീണ്ടു. അധിക സമയത്തിന്റെ രണ്ടാം പകുതിയില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ലീഡെടുത്തു. ഇംഗ്ലീഷ് പ്രതിരോധത്തിന്റെ പിഴവിനെ മുതലെടുത്ത് മാന്‍സൂക്കിച്ചാണ് ക്രൊയേഷ്യക്ക് ലീഡ് സമ്മാനിച്ചത്. പെരിസിച്ചിന്റെ അസിസ്റ്റിലായിരുന്നു മാന്‍സൂക്കിച്ചിന്റെ ഗോള്‍നേട്ടം.
Next Story

RELATED STORIES

Share it