ത്രില്ലറില്‍ മാഞ്ചസ്റ്ററിനു സമനില

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കഷ്ടകാലം തീരുന്നില്ല. പുതുവര്‍ഷത്തിലെ ആദ്യ ലീഗ് മ ല്‍സരത്തില്‍ റെഡ് ഡെവിള്‍സ് സമനിലക്കെണിയില്‍ കുരുങ്ങി. ആറു ഗോളുകള്‍ കണ്ട ത്രില്ലറില്‍ ന്യൂകാസില്‍ യുനൈറ്റഡാണ് മാഞ്ചസ്റ്ററിനെ 3-3 നു തളച്ചത്. ഈ സമനിലയോടെ ഒരു സ്ഥാനം താഴേക്കിറങ്ങിയ മാഞ്ചസ്റ്റര്‍ പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
മറ്റൊരു കളിയില്‍ ബോണ്‍മൗത്തിനെ 3-1നു തകര്‍ത്ത വെസ്റ്റ്ഹാം മാഞ്ചസ്റ്ററിനെ മറികടന്ന് അഞ്ചാംസ്ഥാനത്തേക്കു കയറി. ലീഗിലെ മറ്റൊരു മല്‍സരത്തില്‍ തരംതാഴ്ത്തല്‍ മേഖലയിലുള്ള ആസ്റ്റണ്‍വില്ല 1-0 നു ക്രിസ്റ്റല്‍ പാലസിനെ മറികടന്നു.
ന്യൂകാസിലിന്റെ മൈതാനമായ സെന്റ് ജെയിംസ് പാര്‍ക്കില്‍ നടന്ന കളിയില്‍ രണ്ടു ഗോളുക ള്‍ക്കു ലീഡ് ചെയ്ത ശേഷമാണ് ഗോളുകള്‍ വഴങ്ങി മാഞ്ചസ്റ്റര്‍ ജയം തുലച്ചത്. ഇരട്ടഗോളുകള്‍ നേടിയ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ വെയ്ന്‍ റൂണിയാണ് ഡെവിള്‍സിന്റെ ഹീറോ. മറ്റൊരു ഗോള്‍ യുവതാരം ജെസ്സി ലിന്‍ഗാര്‍ഡിന്റെ വകയായിരുന്നു.
ജോര്‍ജിയോ വിനാല്‍ഡം, അലെക്‌സാണ്ടര്‍ മിട്രോവിച്ച്, പോള്‍ ഡമ്മെറ്റ് എന്നിവരാണ് ന്യൂകാസിലിന്റെ സ്‌കോറര്‍മാര്‍. റൂണി 79ാം മിനിറ്റില്‍ നേടിയ ഗോളില്‍ മാഞ്ചസ്റ്റര്‍ 3-2ന് ജയമുറപ്പിച്ചിരിക്കെയാണ് ഇഞ്ചുറിടൈമില്‍ ന്യൂകാസിലിന്റെ സമനില ഗോ ള്‍ പിറന്നത്. ഡമ്മെറ്റാണ് മാഞ്ചസ്റ്ററിനെ സ്തബ്ധരാക്കി ആതിഥേയ ടീമിന്റെ സമനില ഗോള്‍ നിക്ഷേപിച്ചത്.
ലീഗിലെ കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും തോറ്റ ന്യൂകാസില്‍ മാഞ്ചസ്റ്ററിനെ വിറപ്പിക്കുന്ന കളിയാണ് കെട്ടഴിച്ചത്. ഈ കളിയിലെ സമനിലയോടെ മാഞ്ചസ്റ്റര്‍ കോച്ച് ലൂയിസ് വാന്‍ഗാലിനെതിരേ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. അവസാനമായി കളിച്ച എട്ടു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ ഡെവിള്‍സിനു ജയിക്കാനായിട്ടുള്ളൂ.
ന്യൂകാസിലിനെതിരേ മാഞ്ചസ്റ്ററിന്റെ തു ടക്കം ഉജജ്വലമായിരുന്നു. ഒമ്പതാം മിനിറ്റില്‍ ത്തന്നെ റൂണി മാഞ്ചസ്റ്ററിനെ മുന്നിലെത്തിച്ചു. ഡലെയ് ബ്ലിന്‍ഡിന്റെ കോര്‍ണര്‍ കിക്കില്‍ മരൗനെ ഫെല്ലയ്‌നിയുടെ ഹെഡ്ഡര്‍ ന്യൂകാസില്‍ താരം എംബെമ ബോക്‌സിനുള്ളില്‍ വച്ച് കൈ കൊണ്ട് തടുത്തപ്പോള്‍ റഫറി പെനല്‍റ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത റൂണിക്കു പിഴച്ചില്ല (1-0). 30ാം മിനിറ്റില്‍ ന്യൂകാസില്‍ മികച്ച മുന്നേറ്റം നടത്തിയെങ്കിലും മാഞ്ചസ്റ്റര്‍ ഗോളി ഡേവിഡ് ഡെഹെയയെ കീഴടക്കാനായില്ല. വിനാല്‍ഡമിന്റെ ഷോട്ട് ഡെഹെയ തടുക്കുകയായിരുന്നു.
38ാം മിനിറ്റില്‍ ലിന്‍ഗാര്‍ഡ് മാഞ്ചസ്റ്ററിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആന്‍ഡര്‍ ഹെരേര നല്‍കിയ ത്രൂബോള്‍ സ്വീകരിച്ച് റൂണി നല്‍കിയ പാസ് ഗോള്‍കീപ്പര്‍ ഏലിയറ്റിന്റെ കാലുകള്‍ക്കിടയിലൂടെ ലിന്‍ഗാര്‍ഡ് ലക്ഷ്യത്തിലെത്തിച്ചു.
നാലു മിനിറ്റിനകം വിനാല്‍ഡം ന്യൂകാസിലിന്റെ ആദ്യ ഗോള്‍ മടക്കി. മനോഹരമായ വോളിയിലൂടെയാണ് വിനാല്‍ഡം വലകുലുക്കിയത്. രണ്ടാംപകുതിയില്‍ ന്യൂകാസില്‍ കൂടുതല്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 67ാം മിനിറ്റില്‍ ന്യൂകാസില്‍ താരം മിട്രോവിച്ചിനെ ക്രിസ് സ്‌മോളിങ് ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് ആതിഥേയര്‍ക്ക് അനുകുലമായി പെനല്‍റ്റി. മിട്രോവിച്ച് പെനല്‍റ്റി ഗോളാക്കിയതോടെ ന്യൂകാസില്‍ 2-2ന് ഒപ്പമെത്തി.
79ാം മിനിറ്റില്‍ റൂണിയിലൂടെ മാഞ്ചസ്റ്റര്‍ ലീഡ് തിരിച്ചുപിടിച്ചു. 20വാര അകലെ നിന്നുള്ള വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെയാണ് റൂണി നിറയൊഴിച്ചത്. ഫൈനല്‍ വിസിലിന് സെക്കന്റുകള്‍ ബാക്കിനില്‍ക്കെ ഡമ്മെറ്റിന്റെ ലോങ്‌റേഞ്ചര്‍ മാഞ്ചസ്റ്റര്‍ താരം സ്‌മോളിങിന്റെ ശരീരത്തില്‍ തട്ടി ദിശമാറി വലയില്‍ തുളഞ്ഞു കയറിയതോടെ ന്യൂകാസില്‍ വിലപ്പെട്ട ഒരു പോയിന്റ് കരസ്ഥമാക്കി.
Next Story

RELATED STORIES

Share it