ത്രിപുര പഞ്ചായത്ത് തിരഞ്ഞെടുപ്പ്; ഇടതുമുന്നണിക്ക് തിളങ്ങുന്ന ജയം

അഗര്‍ത്തല: ത്രിപുരയില്‍ 20 തദ്ദേശ സ്വയംഭരണ-സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് തിളങ്ങുന്ന ജയം. അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പറേഷനിലെ 49 വാര്‍ഡുകളില്‍ 45 എണ്ണത്തിലും സിപിഎം നേതൃത്വത്തിലുള്ള മുന്നണി ജയിച്ചു. പ്രതിപക്ഷത്തെ കോണ്‍ഗ്രസ്സിന് നാലു സീറ്റ് മാത്രമാണ് ലഭിച്ചത്. 13 മുനിസിപ്പല്‍ കൗണ്‍സിലിലും ആറു നഗര-പഞ്ചായത്തുകളിലും ഇടതുമുന്നണിക്ക് കേവല ഭൂരിപക്ഷമുണ്ട്.
20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 310 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ ഇടതുമുന്നണി 291 സീറ്റ് നേടി. കോണ്‍ഗ്രസ്സിന് 13 സീറ്റും ബിജെപിക്ക് നാലു സീറ്റും ലഭിച്ചു. രണ്ടു സ്വതന്ത്രരും ജയിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി ഇതാദ്യമായിട്ടാണ് ജയിക്കുന്നത്.
സിപിഎം 279ഉം സിപിഐ അഞ്ചും ആര്‍എസ്പി ആറും ഫോര്‍വേഡ് ബ്ലോക്ക് ഒരു സീറ്റിലും ജയിച്ചു.തിരഞ്ഞെടുപ്പില്‍ മുന്നണിയെ വിജയിപ്പിച്ചതിന് ഇടതുമുന്നണി കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഖഗന്‍ ദാസ് ജനങ്ങളെ അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it