ത്രിപുര: ഇടതുമുന്നണിക്ക് പ്രഹരമേറ്റെന്ന് സിപിഐ

ഹൈദരാബാദ്: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്കേറ്റ പ്രഹരമാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി. നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും അധികാരം നിലനിര്‍ത്തുമെന്നായിരുന്നു ഇടതുമുന്നണി കരുതിയിരുന്നത്. ഇത്തരമൊരു ഫലം പ്രതീക്ഷിച്ചിരുന്നില്ല. പോളിങ് ദിവസം 11 ശതമാനം വോട്ടിങ് യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അത് സംശയത്തിനിടയാക്കുന്നുണ്ട്. ഇടതുമുന്നണിയുടെ പരാജയത്തിന് ഭരണവിരുദ്ധ വികാരവും പങ്കുവഹിച്ചിരിക്കാം. തിരഞ്ഞെടുപ്പ് വിജയത്തിന് ബിജെപി ധാരാളം പണം ചെലവഴിച്ചു. ചെറിയ സംസ്ഥാനമാണെങ്കിലും വലിയ പ്രചാരണമാണ് അവര്‍ നടത്തിയത്. ബിജെപിക്ക് സ്വന്തമായി ത്രിപുരയില്‍ അടിത്തറയൊന്നുമില്ലെങ്കിലും കോണ്‍ഗ്രസ് മുഴുവന്‍ ബിജെപിയിലേക്ക് മാറിയെന്നും റെഡ്ഡി പറഞ്ഞു.
അതേസമയം ജനവിധി അനുകൂലമാക്കാന്‍ ബിജെപി പണമടക്കമുള്ള എല്ലാ അധികാരവും ഉപയോഗിച്ചുവെന്നതാണ് ത്രിപുരയടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു.
ഇന്‍ഡജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) പോലുള്ള ശക്തികളുമായി ബിജെപി ഉണ്ടാക്കിയ സഖ്യം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അത് ബിജെപിയുടെ കപടനാട്യത്തെ തുറന്നുകാണിക്കുന്നുണ്ട്. ത്രിപുരയില്‍ 25 വര്‍ഷത്തെ ഇടതുമുന്നണി ഭരണം എല്ലാ വിഭാഗം ജനങ്ങള്‍ക്കുമിടയില്‍ മൈത്രി ഉറപ്പാക്കിയിരുന്നു. സര്‍ക്കാര്‍ നല്ല ഭരണം കാഴ്ചവച്ചു. ആരോപണങ്ങള്‍ ഇല്ലായിരുന്നു. ബിജെപിയുടെ ഫാഷിസത്തിനെതിരേ പൊരുതാന്‍ എല്ലാ ജനാധിപത്യ ഇടതുപക്ഷ ശക്തികളും ഐക്യപ്പെടേണ്ട സമയമായി. ഇനിയെങ്കിലും കോണ്‍ഗ്രസ്സും ഇടതുപക്ഷവും ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it