ത്രിപുരയില്‍ അധികാരം ഉപയോഗിച്ച് അക്രമം സൃഷ്ടിക്കാന്‍ ശ്രമം

ഹൈദരാബാദ്: ത്രിപുരയില്‍ അധികാരത്തിന്റെ തണലില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെ ബിജെപി സര്‍ക്കാര്‍ അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം. ആര്‍എസ്എസ്-ബിജെപി-ഐപിഎഫ്ടി എന്നിവ ഒന്നിച്ചുനിന്നാണ് സിപിഎം പ്രവര്‍ത്തകര്‍ക്കും ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കും നേരെ അക്രമങ്ങള്‍ നടത്തുന്നത്. ബിജെപി കേന്ദ്രനേതൃത്വം മുന്‍കൂട്ടിയ തയ്യാറാക്കിയ പദ്ധതി അടിസ്ഥാനമാക്കിയാണ് വ്യാപക അക്രമങ്ങള്‍ സൃഷ്ടിക്കുന്നത്. ഇതിന്റെ ഭാഗമായി ദിനംപ്രതി നിരവധി പാര്‍ട്ടിപ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടി ഓഫിസുകളും സാധാരണക്കാരുമാണ് ആക്രമിക്കപ്പെടുന്നത്.
ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളും ഇടതുപക്ഷ സര്‍ക്കാരും നടത്തിയ പ്രക്ഷോഭങ്ങളും വികസനപ്രവര്‍ത്തനങ്ങളുമാണ് കഴിഞ്ഞ 25 വര്‍ഷമായി ത്രിപുരയെ മുന്നോട്ടു നയിച്ചത് എന്ന് വിസ്മരിക്കരുത്. ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായതു മുതല്‍ നടന്ന ആക്രമണങ്ങളുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്്. 438 പാര്‍ട്ടി ഓഫിസുകളാണ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഇതില്‍ 63 ഓഫിസുകള്‍ പിടിച്ചെടുക്കുകയും 93 ഓഫിസുകള്‍ക്ക് തീവയ്ക്കുകയും ചെയ്തു. 230 ഓഫിസുകള്‍ കൊള്ളയടിക്കുകയും 52 ഓഫിസുകള്‍ക്ക് നിര്‍ബന്ധിതമായി പൂട്ടിടുകയും ചെയ്തു. 2000ലധികം പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ക്രൂരമായി ആക്രമിക്കപ്പെട്ടു. 164 വര്‍ഗ ബഹുജന സംഘടനാ ഓഫിസുകളും 2,084 വീടുകളും ഇടതുപക്ഷ പ്രവര്‍ത്തകരുടെ കടകളും ആക്രമിച്ചു. ഇന്നും ഇത്തരം അക്രമങ്ങള്‍ അവസാനിച്ചിട്ടില്ല.
അക്രമങ്ങള്‍ക്കെതിരായി ജനാധിപത്യ മതേതരശക്തികള്‍ ഒന്നിക്കണമെന്നും പാര്‍ട്ടി കോ ണ്‍ഗ്രസ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. അധികാരത്തിന്റെ മറവിലുള്ള അക്രമങ്ങളില്‍നിന്ന് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിന്മാറണം. ജനാധിപത്യമര്യാദകള്‍ പാലിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ജനകീയമായി ഇത്തരം അക്രമങ്ങളെ പ്രതിരോധിക്കുമെന്നും പ്രമേയത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it