Articles

ത്രിപുരയിലെ പ്രഹരം കനത്തത്

അപ്പുക്കുട്ടന്‍  വള്ളിക്കുന്ന്
ഭരണമാറ്റത്തിനും അപ്പുറമുള്ള രാഷ്ട്രീയപ്രഹരമാണ് ത്രിപുരയില്‍ ഇടതുമുന്നണി ഏറ്റുവാങ്ങിയത്. ഇടതുമുന്നണിയുടെ അടിത്തറ തന്നെ അത് ഇളക്കി. ഇടതുപക്ഷ ജനാധിപത്യ മുന്നണി രാജ്യവ്യാപകമായി കെട്ടിപ്പടുക്കുകയെന്ന സിപിഎമ്മിന്റെ വിപ്ലവ പരിപ്രേക്ഷ്യവും ചോദ്യചിഹ്നമായി.
നരേന്ദ്രമോദി ഗവണ്‍മെന്റിനെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറിയെ തന്നെ പരാജയപ്പെടുത്തി വോട്ടെടുപ്പിലൂടെ പാസാക്കിയെടുത്ത കരട് രാഷ്ട്രീയപ്രമേയത്തിലെ അടവുനയവും ഇതോടെ പരിഹാസ്യമായി. തന്റെ വിശ്വാസ്യതയെയും പ്രതിച്ഛായയെയും ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങളില്‍ കുരുങ്ങിനില്‍ക്കുകയായിരുന്നു ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുരയിലെ ഇടതുകോട്ട പിടിച്ചെടുത്ത് തല്‍ക്കാലം രാഷ്ട്രീയ മാന്ത്രികനെപ്പോലെ ദേശീയ രാഷ്ട്രീയവേദിയില്‍ മോദി വിജയപരിവേഷത്തോടെ തിളങ്ങിനില്‍ക്കുന്നു.
ത്രിപുരയുടെ തുടര്‍ഭരണം അവസാനിക്കുകയാണെന്ന് എക്‌സിറ്റ് പോളുകള്‍ നേരത്തേ പ്രവചിച്ചു. ഒടുവില്‍ ബിജെപി മുന്നണി മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ കോട്ട പിടിക്കുകയാണെന്ന് വോട്ടെണ്ണല്‍ ഫലങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ഭരണം നിലനിര്‍ത്തുമെന്നും ഒന്നും സംഭവിക്കില്ലെന്നും സ്വയം സമാധാനിക്കുകയും മറ്റുള്ളവരെ സമാധാനിപ്പിക്കുകയുമായിരുന്നു എകെജി ഭവനിലെ പാര്‍ട്ടി ആസ്ഥാനത്ത് മുന്‍ ജനറല്‍ സെക്രട്ടറി അടക്കമുള്ള പിബി അംഗങ്ങള്‍. അവസാനഫലം വരട്ടെ പ്രതികരിക്കാന്‍ എന്നു പറഞ്ഞ് മൗനം പാലിച്ചത് ജനറല്‍ സെക്രട്ടറി മാത്രം.
ബംഗാള്‍, ത്രിപുര, കേരളം എന്നിങ്ങനെ കരുത്തുറ്റ മൂന്നു സംസ്ഥാനങ്ങളായി സിപിഎം രേഖകളില്‍ ബ്രാക്കറ്റില്‍പ്പെടുത്തി പതിറ്റാണ്ടുകളായി വിശ്വാസമര്‍പ്പിച്ചുപോന്ന സംസ്ഥാനമാണ് ത്രിപുര. 1978ല്‍ നൃപന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ 50 ശതമാനത്തിലേറെ വോട്ട് നേടി ഇടതുമുന്നണി ഭരണത്തിന് അവിടെ തുടക്കമിട്ടു. പത്തു വര്‍ഷം കഴിഞ്ഞുള്ള തിരഞ്ഞെടുപ്പില്‍ അധികാരം പിടിച്ച കോണ്‍ഗ്രസ് (ഐ) അഞ്ചു വര്‍ഷത്തിനുള്ളില്‍ രണ്ടു മുഖ്യമന്ത്രിമാരെ നിയോഗിച്ചു. 93ല്‍ ഗോത്രവര്‍ഗ നേതാവുകൂടിയായ ദശരഥ് ദേവിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി വീണ്ടും അധികാരത്തിലേറി. ദശരഥ് ദേവിന്റെ മരണത്തെ തുടര്‍ന്ന് അമരക്കാരനായ മണിക് സര്‍ക്കാര്‍ രണ്ടു പതിറ്റാണ്ട് കാത്ത ഇടതുകോട്ടയാണ് ബിജെപി വളഞ്ഞുപിടിച്ചത്.
1951ലെ പൊതുതിരഞ്ഞെടുപ്പ് മുതല്‍ ചെങ്കൊടിയുടെ പിന്‍ബലത്തില്‍ ദശരഥ് ദേവ് അടക്കം രണ്ട് എംപിമാര്‍ ത്രിപുരയെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ത്രിപുരയില്‍ ഇടതുമുന്നണി ഭരണം സുരക്ഷിതമാണെന്ന് വേദിയില്‍ നിന്നു ജനങ്ങളെ പ്രസംഗിച്ചു മാത്രം അഭിമുഖീകരിച്ചുപോന്ന സിപിഎം കേന്ദ്ര നേതാക്കള്‍ ഉറച്ചുവിശ്വസിച്ചതില്‍ തെറ്റില്ല.
പാര്‍ട്ടിയുടെ ഉറച്ച സംസ്ഥാനങ്ങളെന്ന ബ്രാക്കറ്റില്‍ നിന്ന് ആദ്യം ബംഗാളും ഇപ്പോള്‍ ത്രിപുരയും ദേശീയരാഷ്ട്രീയത്തിലെ സാന്നിധ്യത്തില്‍ നിന്നു മായുന്ന ചുവപ്പുപൊട്ടുകളായി. അവശേഷിക്കുന്നത് മൂന്നു കോടി ജനങ്ങളുള്ള കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അതിന്റെ സര്‍ക്കാരും. ത്രിപുരയില്‍ കാലങ്ങളായി 40 ശതമാനത്തോളം വോട്ട് കോണ്‍ഗ്രസ്സിനുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും 36 ശതമാനം വോട്ട് കോണ്‍ഗ്രസ്സിനു കിട്ടി; 10 എംഎല്‍എമാരും. അവരില്‍ ആറു പേര്‍ 2016ല്‍ തൃണമൂലില്‍ ചേര്‍ന്നു. ജിതന്‍ സര്‍ക്കാര്‍ കോണ്‍ഗ്രസ്സില്‍ നിന്നു രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നു. തൃണമൂലില്‍ പോയ എംഎല്‍എമാര്‍ 2017ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ നിര്‍ദേശം ലംഘിച്ച് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. പാര്‍ട്ടി നടപടി വരുമെന്നു കണ്ട് അവര്‍ ബിജെപിയില്‍ ചേര്‍ന്നു. നിയമസഭയിലേക്ക് മല്‍സരിച്ചു ജയിക്കാതെ ബിജെപിക്ക് 2017 ആഗസ്തില്‍ ആറ് എംഎല്‍എമാര്‍ നിയമസഭയിലുണ്ടായി.
നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷം ഉത്തരപൂര്‍വ സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കാന്‍ ആവിഷ്‌കരിച്ച വികസന പദ്ധതികളും രാഷ്ട്രീയ പരിപാടികളും പലതായിരുന്നു. അതില്‍ മുഖ്യമായിരുന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു വേണ്ടി രൂപീകരിച്ച ജനാധിപത്യ സഖ്യം. അസമിലെയും അരുണാചലിലെയും മന്ത്രിമാരെയും കേന്ദ്രമന്ത്രിമാരെയും നിയോഗിച്ച് വിവിധ ഗോത്രവര്‍ഗങ്ങളെ ബിജെപിയുടെ രാഷ്ട്രീയവലയത്തിലേക്ക് ചേര്‍ക്കുന്ന പദ്ധതി. ബിജെപിയുടെ ഒരു ജനറല്‍ സെക്രട്ടറിയും അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി മോദിയും ഏകോപിപ്പിച്ചതാണ് ഈ രാഷ്ട്രീയ വികസന പദ്ധതി. ഗോത്രവര്‍ഗക്കാര്‍ക്കു പ്രത്യേക സംസ്ഥാനം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പോന്ന തീവ്രവാദ ഗോത്രവിഭാഗമാണ് ഇന്‍ഡിജനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര. ഇവരെ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെയും ഇന്റലിജന്‍സ് ഏജന്‍സിയുടെയും സഹായത്തോടെ ത്രിപുരയിലെ സഖ്യകക്ഷിയാക്കുന്നതില്‍ ബിജെപി വിജയിച്ചു. ഐപിഎഫ്ടിക്കു നല്‍കിയ 9 സീറ്റില്‍ 7ഉം വിജയിച്ചു. ഗോത്രമേഖലയില്‍ സിപിഎം നേടിയിരുന്ന വോട്ടുകള്‍ അങ്ങനെ ബിജെപി പാളയത്തിലേക്കു പോയി.
മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സമീര്‍ രഞ്ജന്‍ ബര്‍മന്‍ ത്രിപുരയിലെ കോണ്‍ഗ്രസ്സുകാരുടെ നേതാവെന്ന നിലയില്‍ 1972 മുതല്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായും ഒരു വര്‍ഷം മുഖ്യമന്ത്രിയായും അഞ്ചു വര്‍ഷം പ്രതിപക്ഷനേതാവായും പ്രവര്‍ത്തിച്ച ആളാണ്. അദ്ദേഹത്തിന്റെ മകന്‍ സുധീപ് റോയ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അഗര്‍ത്തലയില്‍ ജയിച്ച എംഎല്‍എയും ത്രിപുര കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. കോണ്‍ഗ്രസ് അണികളില്‍ ഏറെ സ്വാധീനമുള്ള സുധീപ് റോയ് ബര്‍മന്റെ നേതൃത്വത്തിലാണ് ആറ് എംഎല്‍എമാരെയും ബിജെപി കമ്മ്യൂണിസ്റ്റ്മുക്ത ത്രിപുര സൃഷ്ടിക്കാന്‍ പാര്‍ട്ടിയിലെടുത്തത്.
കോണ്‍ഗ്രസ്സുകാരെല്ലാം ബിജെപിയിലേക്ക് പോയതുകൊണ്ട് തോറ്റുപോയി എന്ന നേതൃത്വത്തില്‍നിന്നുള്ള വിശകലനം അപഹാസ്യമാണ്. ഇടതുമുന്നണി വോട്ടുകള്‍ക്കു പുറമെ 36 ശതമാനം വരുന്ന കോണ്‍ഗ്രസ് അനുഭാവി വോട്ടുകളും നേടാനാവുമെന്ന പ്രതീക്ഷയിലാണ് മണിക് സര്‍ക്കാര്‍ നീങ്ങിയത്; കോണ്‍ഗ്രസ് സംഘടനാപരമായി അത്രയും തകര്‍ന്ന അവസ്ഥയില്‍. അത് വിജയിച്ചില്ലെന്നു മാത്രമല്ല, സിപിഎമ്മിലെ യുവാക്കളുടെയും ഇടത്തരക്കാരുടെയും വോട്ടുകള്‍ ബിജെപി സഖ്യത്തിലേക്ക് ഒഴുകുകയും ചെയ്തു. 62 ശതമാനത്തില്‍ നിന്ന് സിപിഎമ്മിന് എത്ര ശതമാനം വോട്ട് കുറഞ്ഞുവെന്ന ഔദ്യോഗിക കണക്ക് പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ ചെന്നതുകൊണ്ടാണ് ബിജെപി ജയിച്ചതെന്ന സിപിഎം നേതൃത്വത്തിന്റെ വ്യാഖ്യാനം പൊളിയും.
കൊല്‍ക്കത്തയില്‍ നടന്ന കേന്ദ്രകമ്മിറ്റി യോഗം ത്രിപുരയിലെ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് കോണ്‍ഗ്രസ്സുമായി തൊട്ടുകൂടെന്നുള്ള (ധാരണ പോലും വേണ്ടെന്ന) തീരുമാനമെടുത്തത്. ബംഗാളിലെയും ത്രിപുരയിലെയും കോണ്‍ഗ്രസ് അണികളെ ഒരുപോലെ പ്രകോപിപ്പിക്കുംവിധമാണ് സിപിഎം നേതൃത്വം ചേരിതിരിഞ്ഞ് അടവുനയം ആഘോഷമാക്കിയത്. കളിയുടെ അടവ് പരസ്യപ്പെടുത്തിയ രാഷ്ട്രീയ മണ്ടത്തരം ത്രിപുരയിലെ തോല്‍വിക്ക് സംഭാവനയായിട്ടുണ്ട്. കോണ്‍ഗ്രസ്സിനെ മുഖ്യശത്രുവിനെ പോലെ കാണുന്ന കേരളത്തിലെ മുഖ്യമന്ത്രി അവിടെ പ്രചാരണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്. പ്രധാനമന്ത്രി മോദിയും അമിത് ഷായും കേന്ദ്ര മന്ത്രിമാരും ഉത്തരപൂര്‍വ ദേശത്തെ മറ്റു മന്ത്രിമാരും കൂട്ടായാണ് ത്രിപുര തിരഞ്ഞെടുപ്പില്‍ കാടിളക്കി ഇറങ്ങിയത്.
മണിക് സര്‍ക്കാര്‍ അഭിമന്യുവിനെപ്പോലെ ഒറ്റയ്ക്കു നിന്നു പൊരുതി. ജനറല്‍ സെക്രട്ടറി യെച്ചൂരിയും വൃന്ദാ കാരാട്ടും തങ്ങളാലാവുന്നത് ചെയ്തു. ഇടതുപക്ഷ മുന്നണിയുടെ ത്രിപുരയിലെ കോട്ട സംരക്ഷിക്കാന്‍ കൂട്ടായ യത്‌നം ഇന്ത്യയിലെ ഇടതുമുന്നണി നേതൃത്വത്തില്‍ നിന്നോ സിപിഎമ്മില്‍ നിന്നുതന്നെയോ ഉണ്ടായില്ല.
ഇതിന്റെയെല്ലാം ആകത്തുകയാണ് ത്രിപുര അതിന്റെ സ്‌കോര്‍ ബോര്‍ഡില്‍ ബിജെപിയെ ഒന്നാംസ്ഥാനത്തേക്ക് കയറ്റി കോണ്‍ഗ്രസ്സിനെ ശൂന്യതയിലാഴ്ത്തി സിപിഎമ്മിനെ ദൗര്‍ഭാഗ്യകരമായ 18 അക്കത്തിലേക്ക് ഒതുക്കിയത്.                                           ി
Next Story

RELATED STORIES

Share it