Editorial

ത്രിപുരയിലെ അക്രമങ്ങള്‍ നിര്‍ത്തണം

ഈയിടെ നടന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി വിജയം നേടി. എക്‌സിറ്റ് പോളുകളില്‍ ബിജെപിയുടെ ജയം വ്യക്തമായിരുന്നുവെങ്കിലും സിപിഎം ഇത്രമാത്രം തകര്‍ന്നടിയുമെന്ന് ആരും പ്രതീക്ഷിച്ചതല്ല.
അധികാരത്തിലെത്തുന്നതും അധികാരപദത്തില്‍ നിന്ന് താഴെയിറങ്ങുന്നതും ജനാധിപത്യ വ്യവസ്ഥയില്‍ തികച്ചും സ്വാഭാവികം മാത്രം. എന്നാല്‍, ഫലം പുറത്തുവന്നതിന്റെ അടുത്ത നിമിഷം മുതല്‍ ത്രിപുരയില്‍ നിന്നു പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഭരണം പിടിച്ചെടുത്ത ബിജെപിയുടെ നേതൃത്വത്തില്‍ വ്യാപകമായി അക്രമം നടക്കുന്നു. സിപിഎം പ്രവര്‍ത്തകര്‍ക്കും ഓഫിസുകള്‍ക്കും നേരെ മാത്രമല്ല, ആരാധനാലയങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളുമെല്ലാം സംഘപരിവാരത്തിന്റെ തേര്‍വാഴ്ചയ്ക്കു വിധേയമാവുന്നതായാണ് വാര്‍ത്തകളില്‍ നിന്നു വ്യക്തമാവുന്നത്.
അഗര്‍ത്തലയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ ബെലോനിയയില്‍ കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ലെനിന്റെ പ്രതിമ ബിജെപി പ്രവര്‍ത്തകര്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തു. പ്രകാശ് കാരാട്ട് ഏതാനും മാസം മുമ്പ് അനാച്ഛാദനം ചെയ്ത അഞ്ചടി ഉയരമുള്ള ഫൈബര്‍ പ്രതിമയാണു തകര്‍ത്തത്. പ്രതിമയുടെ തലയെടുത്ത് അക്രമികള്‍ തട്ടിക്കളിച്ചു. അടുത്തദിവസം തെക്കന്‍ ത്രിപുരയില്‍ സബ്‌റൂം നഗരത്തിലെ ലെനിന്‍ പ്രതിമയും ബിജെപി അക്രമികള്‍ തകര്‍ത്തിരുന്നു. തമിഴ്‌നാട്ടില്‍ പെരിയാറുടെ പ്രതിമ തകര്‍ക്കാന്‍ ബിജെപി നേതാവ് എച്ച് രാജയുടെ ആഹ്വാനമുണ്ടായിരുന്നു. ജനവികാരം ശക്തമാണെന്നു മനസ്സിലായതോടെ പ്രസ്താവന പിന്‍വലിച്ച രാജ, ക്ഷമാപണം ചെയ്തു.
സംഘര്‍ഷങ്ങള്‍ വ്യാപിക്കാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ട ബാധ്യത ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്നവരുടേതാണ്. എന്നാല്‍, ത്രിപുരയില്‍ ഗവര്‍ണര്‍ തഥാഗത റോയ് ശ്രമിച്ചത് എരിതീയില്‍ എണ്ണയൊഴിക്കാനായിരുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ തിരുത്താന്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു സര്‍ക്കാരിന് അവകാശമുണ്ടെന്നാണ് ത്രിപുര ഗവര്‍ണര്‍ തഥാഗത റോയ് ട്വീറ്റ് ചെയ്തത്. സ്വാഭാവികമായും ഇതു വിവാദമായി; ദേശീയതലത്തില്‍ ചര്‍ച്ചയാവുകയും ചെയ്തു.
തഥാഗത റോയ് സ്വന്തം പദവിയുടെ ഔന്നത്യവും മാന്യതയും വിസ്മരിക്കാന്‍ പാടില്ലായിരുന്നു. ഗവര്‍ണര്‍പദവിയിലിരിക്കെ റോയ് വിവാദങ്ങളുടെ കേന്ദ്രബിന്ദുവാകുന്നത് ഇതാദ്യമല്ല. മുംബൈ സ്‌ഫോടനക്കേസില്‍ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്റെ ജനാസ നമസ്‌കാരത്തിന് ഒത്തുകൂടിയവരെക്കുറിച്ച്, എല്ലാവരെയും രഹസ്യാന്വേഷണ വിഭാഗം ഒരു ശ്രദ്ധവയ്ക്കണം, അവരില്‍ ഏറെയും ഭാവിയില്‍ ഭീകരവാദികളായേക്കാം എന്ന് 2015 ജൂലൈ 31നും ട്വീറ്റ് ചെയ്തിരുന്നു. 'ഞാനൊരു മതേതരനാണെന്ന് എന്തടിസ്ഥാനത്തിലാണ് നിങ്ങള്‍ ധരിക്കുന്നത്? ഞാനൊരു ഹിന്ദുവാണ്' എന്ന് 2016ല്‍ ട്വീറ്റ് ചെയ്ത തഥാഗത റോയ് വെറും ആര്‍എസ്എസുകാരനായാണ് പെരുമാറുന്നത്. ഉത്തരവാദപ്പെട്ട ഔദ്യോഗിക പദവി വഹിക്കുന്ന വ്യക്തിയാണെന്ന് അദ്ദേഹത്തെ ഓര്‍മിപ്പിക്കാന്‍ രാഷ്ട്രപതി തയ്യാറാവണം.
Next Story

RELATED STORIES

Share it