ത്രിദിന സന്ദര്‍ശനം: ഉപരാഷ്ട്രപതി 11ന് കേരളത്തിലെത്തും

തിരുവനന്തപുരം: ഉപരാഷ്ട്രപതി എം ഹാമിദ് അന്‍സാരി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഈമാസം 11ന് കേരളത്തിലെത്തും. 11ന് ഉച്ചയ്ക്കുശേഷം 2.10ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ അദ്ദേഹം കൊച്ചി ഐഎന്‍എസ് ഗരുഡ നേവല്‍ എയര്‍ സ്റ്റേഷനിലെത്തും. തുടര്‍ന്ന് കോട്ടയത്തേക്ക് ഹെലികോപ്ടറില്‍ തിരിക്കുന്ന ഉപരാഷ്ട്രപതി 2.45ന് കോട്ടയം പോലിസ് പരേഡ് ഗ്രൗണ്ടിലെത്തും.
തുടര്‍ന്ന് റോഡ് മാര്‍ഗം കോട്ടയത്തെ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സില്‍ അദ്ദേഹം എത്തിച്ചേരും. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഉദ്ഘാടനം ചെയ്തശേഷം നാലു മണിക്ക് പോലിസ് പരേഡ് ഗ്രൗണ്ടിലേക്കു തിരിക്കും. 4.30ന് തിരികെ കൊച്ചി നേവല്‍ എയര്‍പോര്‍ട്ടിലേക്ക് ഹെലികോപ്ടറില്‍ മടങ്ങും. 5.10ന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലെത്തും. 5.45ന് വൈറ്റില ടോക് എച്ച് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ടോക് എച്ച് ഇന്റര്‍നാഷനല്‍ സെന്റിനറി ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തശേഷം 6.40ന് തിരികെ ഗസ്റ്റ് ഹൗസിലെത്തിച്ചേരും. തുടര്‍ന്ന് 7.10ന് കൊച്ചി നേവല്‍ എയര്‍പോര്‍ട്ടിലെത്തിച്ചേരുന്ന അദ്ദേഹം പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടേക്കു തിരിക്കും. 8.30ന് കോഴിക്കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി അവിടെത്തങ്ങും. ജനുവരി 12 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഇന്റര്‍ഫെയ്ത്ത് ആന്വല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും.
10.50ന് കോഴിക്കോട് വിമാനത്താവളത്തിലേക്കു തിരിക്കുന്ന അദ്ദേഹം 11.35ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് യാത്രയാവും. 12.35ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി ഉച്ചയ്ക്ക് 1.20ന് രാജ്ഭവനിലെത്തും.
തുടര്‍ന്ന് വൈകുന്നേരം 4.00 മണിക്ക് വഴുതക്കാട് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന പരിപാടിയില്‍ ടി പി ശ്രീനിവാസന് ഉപരാഷ്ട്രപതി ശ്രീ ചിത്തിര തിരുനാള്‍ പുരസ്‌കാരം സമ്മാനിക്കും. 5 മണിക്ക് മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ജവഹര്‍ലാല്‍ നെഹ്‌റു ആന്റ് ഇന്ത്യന്‍ പോളിറ്റി ഇന്‍ പെഴ്‌സ്‌പെക്റ്റീവ് എന്ന പുസ്തകസമാഹാരം പ്രകാശനം ചെയ്യും. വൈകീട്ട് 6.00 മണിക്ക് രാജ്ഭവനില്‍ മടങ്ങിയെത്തുന്ന അദ്ദേഹം രാത്രി രാജ്ഭവനില്‍ തങ്ങും. ജനുവരി 13 ബുധനാഴ്ച രാവിലെ 10.20ന് രാജ്ഭവനില്‍ നിന്ന് വിമാനത്താളവത്തിലേക്ക് തിരിക്കുന്ന ഉപരാഷ്ട്രപതി 10.50ന് വര്‍ക്കലയിലേക്ക് വ്യോമസേനയുടെ ഹെലികോപ്ടറില്‍ തിരിക്കും. 11.25ന് വര്‍ക്കല ഹെലിപ്പാഡില്‍നിന്നു റോഡ് മാര്‍ഗം തിരിച്ച് 11.30ന് ശിവഗിരി മഠത്തിലെത്തിച്ചേരും. 11.30 മുതല്‍ 12.00 മണിവരെ അദ്ദേഹം ശിവഗിരി മഠത്തിലുണ്ടാവും. 12.10 ന് തിരുവനന്തപുരത്തേക്ക് ഹെലികോപ്ടറില്‍ തിരിക്കുന്ന അദ്ദേഹം 12.40ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
തുടര്‍ന്ന് രാജ്ഭവനിലെത്തുന്ന അദ്ദേഹം 3 മണിക്ക് യൂനിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്യും. 3.45ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിക്കുന്ന അദ്ദേഹം 4.20ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും. ഉപരാഷ്ട്രപതിക്കൊപ്പം പത്‌നി സല്‍മ അന്‍സാരിയും സംസ്ഥാനത്തെത്തുന്നുണ്ട്.
Next Story

RELATED STORIES

Share it