kannur local

ത്രിതല പഞ്ചായത്ത്: നായകരെ തീരുമാനിക്കാന്‍ ചര്‍ച്ചകള്‍ സജീവം

കണ്ണൂര്‍: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞതോടെ ത്രിതല പഞ്ചായത്തിലെയും നഗരസഭകളിലെയും ഭരണസമിതി നായകരെ നിര്‍ണയിക്കാനുള്ള ചര്‍ച്ചകള്‍ സജീവം. മുന്നണി ധാരണപ്രകാരവും ലഭിച്ച സീറ്റുകളുടെ അടിസ്ഥാനത്തിലുമാണ് ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരെയും നഗരസഭാ അധ്യക്ഷന്മാരെയും തീരുമാനിക്കുന്നത്. പ്രാദേശികതലം മുതല്‍ ജില്ലാ കമ്മിറ്റികളില്‍ വരെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മിക്കവാറും പഞ്ചായത്തുകളില്‍ സീറ്റ്‌വിഭജന വേളയില്‍തന്നെ ഇക്കാര്യത്തില്‍ മുന്നണികളിലെ ഘടകകക്ഷികള്‍ തമ്മില്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍, പുതുതായി രൂപീകരിച്ച ചില നഗരസഭകളില്‍ അതല്ല സ്ഥിതി. കേവല ഭൂരിപക്ഷമില്ലാത്ത ഇരിട്ടി, ശ്രീകണ്ഠപുരം നഗരസഭകളില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇവിടെ ഭരണത്തിലേറാനുള്ള തന്ത്രങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് മുന്നണികളുടെ പ്രഥമ പരിഗണന.
ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും അംഗങ്ങളുടെ സത്യപ്രതിജ്ഞ സംബന്ധിച്ച മാര്‍ഗനിര്‍ദേശം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതുപ്രകാരം ഈ മാസം 12ന് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കണം. 18നാണ് ഭാരവാഹി തിരഞ്ഞെടുപ്പ്. ഇനി ഏതാനും ദിവസം മാത്രമേ ഉള്ളൂവെന്നതിനാല്‍ ത്രിതല പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, നഗരസഭാ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നിവരെ തീരുമാനിക്കേണ്ടതുണ്ട്. എല്‍ഡിഎഫിന് ഭരണം ലഭിച്ച നഗരസഭകളില്‍ ഇതുസംബന്ധിച്ച് കാര്യമായ തര്‍ക്കങ്ങളില്ല. ഭരണം നിലനിര്‍ത്തിയ തലശ്ശേരി, കൂത്തുപറമ്പ്, പയ്യന്നൂര്‍ നഗരസഭകളിലും പുതുതായി രൂപീകരിച്ച ആന്തൂര്‍ നഗരസഭയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ സിപിഎമ്മാണ് അധ്യക്ഷപദവി അലങ്കരിക്കുക.
ഫസല്‍വധ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട നിയമക്കുരുക്ക് മുറുകിയില്ലെങ്കില്‍ തലശ്ശേരി നഗരസഭയില്‍ സിപിഎം ഏരിയാ കമ്മിറ്റിയംഗം കാരായി ചന്ദ്രശേഖരന്‍ ചെയര്‍മാനാവും. ഐഎന്‍എല്ലില്‍നിന്ന് സിപിഎമ്മിലേക്കു ചേക്കേറിയ നജ്മ ഹാഷിം വൈസ് ചെയര്‍പേഴ്‌സനായേക്കും. കൂത്തുപറമ്പ് നഗരസഭയില്‍ സിപിഎം ഏരിയാ കമ്മിറ്റിയംഗം എം സുകുമാരനെയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നത്. നിലവില്‍ സിഐടിയു ഏരിയാ സെക്രട്ടറി, വിക്കോ സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയാണ്. മൂര്യാട് മേഖലയില്‍നിന്നു വിജയിച്ച എം പി മറിയം ബീവിയോ തൃക്കണ്ണാപുരത്തുനിന്ന് ജയിച്ച അഡ്വ. സുപ്രിയ പുരുഷോത്തമനോ വൈസ് ചെയര്‍പേഴ്‌സനാവും. മുമ്പ് കൗണ്‍സിലറായി പരിചയമുള്ള മറിയം ബീവിക്കാണ് കൂടുതല്‍ സാധ്യത.
പയ്യന്നൂര്‍ നഗരസഭയില്‍ ശശി വട്ടക്കൊവ്വലിനെയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നത്. ഗ്രാമം വെസ്റ്റില്‍നിന്ന് 404 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച അദ്ദേഹം മൂന്നാം തവണയാണ് നഗരസഭയിലെത്തുന്നത്. കിഴക്കുമ്പാട് വാര്‍ഡില്‍നിന്ന് വിജയിച്ച കെ പി ജ്യോതിവൈസ് ചെയര്‍പേഴ്‌സനാവും. 2005ല്‍ ഇവര്‍ നഗരസഭയില്‍ കൗണ്‍സിലറായിരുന്നു. മുഴുവന്‍ സീറ്റുകളും എല്‍ഡിഎഫ് തൂത്തുവാരിയ ആന്തൂര്‍ നഗരസഭയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ഗോവിന്ദന്റെ പത്‌നി പി കെ ശ്യാമള ചെയര്‍പേഴ്‌സനാവും. വൈസ് ചെയര്‍മാന്‍ സ്ഥാനം സിപിഐയുടെ ഏക കൗണ്‍സിലര്‍ മുജീബുര്‍റഹ്മാന് ലഭിക്കാനാണു സാധ്യത. തളിപ്പറമ്പ്, പാനൂര്‍ നഗരസഭകളില്‍ മുസ്‌ലിം ലീഗാണ് അധ്യക്ഷപദവി അലങ്കരിക്കുക. തളിപ്പറമ്പില്‍ പുഷ്പഗിരി വാര്‍ഡില്‍നിന്നു വിജയിച്ച ലീഗ് നേതാവ് മഹ്മൂദ് അള്ളാകുളം ചെയര്‍മാനാവും. പാനൂരില്‍ ലീഗ് നേതാവ് കെ വി സൂപ്പി മാസ്റ്ററുടെ മകള്‍ റംലത്തിനെയാണ് ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നത്.
കോണ്‍ഗ്രസ്സിലെ മടപ്പുര ചന്ദ്രന്‍ വൈസ് ചെയര്‍മാനാവും. സിബിഐ കോടതി വിധി അനുകൂലമായാല്‍ ജില്ലാ പഞ്ചായത്തില്‍ ഫസല്‍വധ ഗൂഢാലോചനക്കേസ് പ്രതിയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ കാരായി രാജന് പ്രസിഡന്റ് സ്ഥാനം ലഭിക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കടന്നപ്പള്ളി ഡിവിഷനില്‍നിന്നു വിജയിച്ച ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം പി പി ദിവ്യയെയാണു പരിഗണിക്കുക.
Next Story

RELATED STORIES

Share it