Idukki local

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിമതര്‍ സംഘടിക്കുന്നു

കുമളി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതരായി പ്രവര്‍ത്തിച്ചവര്‍ കുമളിയില്‍ യോഗം ചേരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് ആലോചിക്കുന്നതിനാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കുമളി എസ് എന്‍ ഹാളില്‍ യോഗം ചേരുന്നത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കുമളിയിലെ കോണ്‍ഗ്രസ് നേതൃത്വം അര്‍ഹരെ ഒഴിവാക്കി അനര്‍ഹര്‍ക്ക് സീറ്റുകള്‍ നല്‍കിയെന്നാരോപിച്ച് പത്തോളം വിമതരാണ് സ്ഥാനാര്‍ഥികളായി രംഗത്തെത്തിയത്. ഇതില്‍ കൊല്ലം പട്ടട വാര്‍ഡില്‍ നിന്നും ഇരു മുന്നണി സ്ഥാനാര്‍ഥികളേയും പരാജയപ്പെടുത്ത് ഷാജിമോന്‍ ശ്രീധരന്‍ നായര്‍ വിജയിച്ചു. പല സ്ഥാനാര്‍ഥികളും രണ്ടാം സ്ഥാനത്തും എത്തി. വിമത സ്ഥാനാര്‍ഥികളുടെ പ്രവര്‍ത്തനം മൂലം കുമളി പഞ്ചായത്തില്‍ യുഡിഎഫിന് 19 അംഗങ്ങളില്‍ നിന്നു 14ലേക്ക് എത്തേണ്ടി വന്നു.
മാത്രമല്ല, അഴുത ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് ബ്ലോക് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന എം എം വര്‍ഗീസ് ദയനീയമായി പരാജയപ്പെട്ടു. ഇത്തവണ പീരുമേട് നിയമസഭാ സീറ്റ് ലക്ഷ്യമിട്ടാണ് എം എം വര്‍ഗീസ് ബ്ലോക്കിലേക്ക് മത്സരിച്ചത്. ഇതിനെ തുടര്‍ന്ന് വിമതര്‍ക്കൊപ്പം നിന്ന പ്രാദേശിക നേതാക്കളെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. ഇവര്‍ ഇപ്പോഴും പാര്‍ട്ടിക്ക് പുറത്താണ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കുമളിയില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച ആലോചിക്കുന്നതിനായാണ് യോഗം ചേരുന്നത്.
ഒപ്പം ഇവരോട് സഹകരിക്കാന്‍ സാധ്യതയുള്ള കോണ്‍ഗ്രസിലെ മറ്റ് പല പ്രവര്‍ത്തകരേയും പങ്കെടുപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസ് വിമതനായി വിജയിച്ച ഗ്രാമപഞ്ചായത്ത് അംഗം ഷാജിമോനാണ് ഇന്ന് ചേരുന്ന യോഗം ഉത്ഘാടനം ചെയ്യുന്നത്. പുറത്താക്കപ്പെട്ട ഡിസിസി അംഗങ്ങളായ ടി എന്‍ ബോസ്, ജോസഫ് ജെ കരൂര്‍, ജനശ്രീയുടെ നേതാക്കന്‍മാരായ എ അബ്ദുല്‍കനി, ജോസ് മാത്യു അഴകത്തേല്‍, ബിന്ദു പ്രദീപ്, സണ്ണി കുറ്റിവയലില്‍, മുന്‍ ഗ്രാമപഞ്ചായത്ത് അംഗമായ വി വി ഗ്രേസിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം.
Next Story

RELATED STORIES

Share it