ത്രിതല പഞ്ചായത്തുകള്‍ ഫണ്ട് അനുവദിക്കുന്നില്ല; സംസ്ഥാനത്ത് 447 പട്ടികജാതി- വര്‍ഗ സഹകരണസംഘങ്ങള്‍ അടച്ചുപൂട്ടി

പി പി ഷിയാസ്

തിരുവനന്തപുരം: ഫണ്ടിന്റെ അഭാവം മൂലം സംസ്ഥാനത്ത് 447 പട്ടികജാതി- വര്‍ഗ സഹകരണ സംഘങ്ങള്‍ അടച്ചുപൂട്ടിയെന്ന് റിപോര്‍ട്ട്. 14 ജില്ലകളിലുമായി ആകെയുള്ള 816 സഹകരണ സംഘങ്ങളില്‍ 55 ശതമാനത്തോളം പ്രവര്‍ത്തനം നിലച്ചവയാണ്. ഒരു സഹകരണ സംഘത്തിനും ധനസഹായം അനുവദിക്കേണ്ടതില്ലെന്ന സര്‍ക്കാരിന്റെ നയപരമായ തീരുമാനം വന്നശേഷം ത്രിതല പഞ്ചായത്തുകള്‍ പണം നല്‍കാതെ വന്നതോടെയാണ് ഭൂരിഭാഗം സ്ഥാപനങ്ങള്‍ക്കും ഈ ഗതി വന്നത്.
പട്ടികജാതി- വര്‍ഗ ക്ഷേമസമിതി നിയമസഭയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഈ സാഹചര്യത്തില്‍ കൈത്തറി സഹകരണസംഘങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് എന്‍സിഡിസി ലോണ്‍ ഉള്‍പ്പെടെയുള്ള കോടിക്കണക്കിനു രൂപയുടെ ബാധ്യത സര്‍ക്കാര്‍ ഷെയര്‍ ആയി കണ്‍വര്‍ട്ട് ചെയ്തുകൊടുക്കുന്ന രീതി പൂട്ടിപ്പോയ സഹകരണസംഘങ്ങള്‍ക്കും അനുവദിക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു. പ്രവര്‍ത്തനരഹിതമായ സഹകരണസംഘങ്ങള്‍ ഏറ്റവും കൂടുതലുള്ളത് തൃശൂര്‍ ജില്ലയിലാണ്- 55 എണ്ണം. പാലക്കാട് 45 എണ്ണവും കൊല്ലം ജില്ലയില്‍ 38ഉം തിരുവനന്തപുരത്ത് 35ഉം എണ്ണം അടച്ചുപൂട്ടി. മലപ്പുറം- 33, വയനാട് 30 സംഘങ്ങളും പ്രവര്‍ത്തനം നിലച്ചു.
നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന 369 സംഘങ്ങള്‍ക്ക് നാമമാത്രമായ തുകയാണു നല്‍കുന്നതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വ്യക്തമായ രേഖകളില്ലാതെ അംഗങ്ങള്‍ക്ക് വായ്പ അനുവദിച്ചതാണ് സംഘങ്ങള്‍ അടച്ചുപൂട്ടാനുള്ള മറ്റൊരു കാരണം. കഴിഞ്ഞ അഞ്ചുവര്‍ഷം ഗ്രാന്‍ഡിനത്തിലും മറ്റും എത്ര രൂപ കൈപ്പറ്റിയിട്ടുണ്ടെന്നു വ്യക്തമായ രേഖകളില്ലാതെ ഗുണഭോക്താക്കള്‍ക്ക് എത്ര തുക വായ്പയായി അനുവദിച്ചിട്ടുണ്ടെന്നും സംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതി സഹകരണ വകുപ്പിനോടു നിര്‍ദേശിച്ചു.
സഹകരണസംഘങ്ങള്‍ക്കായി വിവിധ സര്‍ക്കാര്‍ ഫണ്ടുകള്‍ മുഖാന്തരമുള്ള ധനസഹായം അനുവദിക്കുന്നകാര്യത്തില്‍ തൊട്ടുമുമ്പുള്ള മൂന്നുവര്‍ഷം ലാഭത്തില്‍ പ്രവര്‍ത്തിച്ചിരിക്കണം എന്ന നിബന്ധനയുണ്ട്. ഇത് മറ്റൊരു തടസ്സമാണെന്നും അതിനാല്‍ ഈ നിബന്ധന ഒഴിവാക്കണമെന്നുമാണ് മറ്റൊരു ശുപാര്‍ശ. സഹകരണ വകുപ്പിന്റെ ഗ്രാന്‍ഡുകള്‍ക്കുപുറമെ എസ്‌സി/ എസ്ടി കോര്‍പസ് ഫണ്ടില്‍ നിന്നുകൂടി ഗ്രാന്‍ഡുകള്‍ അനുവദിക്കണമെന്നും അവയ്ക്ക് വൈവിധ്യമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാനാവുമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സഹകരണവകുപ്പും എസ്‌സി/എസ്ടി വകുപ്പും ഇക്കാര്യത്തില്‍ യോജിച്ചുപ്രവര്‍ത്തിക്കണം.
പട്ടികജാതി-വര്‍ഗ സഹകരണ സംഘങ്ങളില്‍ വന്നിട്ടുള്ള പോരായ്മകള്‍ പരിഹരിക്കാനും അവയുടെ ഉന്നതിക്കായി പ്രവര്‍ത്തിക്കേണ്ട ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ പഠനക്ലാസുകള്‍, ശില്‍പശാലകള്‍ എന്നിവ സംഘടിപ്പിക്കാനുമായി എസ്‌സി/ എസ്ടി വികസന വകുപ്പും സഹകരണവകുപ്പും ഒരു സംയുക്തപദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കണം.
സഹകരണവകുപ്പിനു കീഴിലുള്ള സ്വയംസഹായ ഗ്രൂപ്പുകളെ കോപറേറ്റീവ് രജിസ്ട്രാറുടെ സമ്പൂര്‍ണ നിയന്ത്രണത്തില്‍ ഓഡിറ്റുള്ള ഒരു സഹകരണസംഘത്തിന്റെ നിയന്ത്രണത്തിലാക്കണമെന്നും റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. വകുപ്പ് പട്ടികജാതി-വര്‍ഗക്കാരുടെ സാമ്പത്തികവികസനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ സഹകരണവകുപ്പിനു കീഴിലുള്ള എസ്‌സി/ എസ്ടി സഹകരണസംഘങ്ങളെ പുനരുദ്ധരിക്കാനാവശ്യമായ പദ്ധതികള്‍ കൂടി ആവിഷ്‌കരിച്ച് അതിനാവശ്യമായ ഫണ്ടുകൂടി വകയിരുത്തണം.
ഇതോടൊപ്പം പ്രവര്‍ത്തനയോഗ്യമായ സൊസൈറ്റികള്‍ക്ക് പെയ്ഡ് സെക്രട്ടറി നിര്‍ബന്ധമായും ഉണ്ടാവണം. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാരിന് വിവിധ പ്രപ്പോസലുകള്‍ സമര്‍പ്പിക്കാന്‍ കഴിവുള്ള എച്ച്ഡിസി/ജെഡിസി പാസായ എസ്‌സി/ എസ്ടി വിഭാഗങ്ങളിലുള്ളവരെ സെലക്ട് ചെയ്ത് ഇത്തരം സംഘങ്ങളുടെ സെക്രട്ടറിമാരാക്കണമെന്നും വി പി സജീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായ സമിതിയുടെ റിപോര്‍ട്ടില്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it