Flash News

ത്രിതല പഞ്ചായത്തുകളുടെ പശ്ചാത്തല വികസന ഫണ്ട് വെട്ടിക്കുറച്ചു ; ഗ്രാമീണ റോഡ് നവീകരണം മന്ദഗതിയിലാവുമെന്ന് ആശങ്ക



മടവൂര്‍  അബ്ദുല്‍  ഖാദര്‍

ഇരിക്കൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പശ്ചാത്തല വികസനത്തിനുള്ള ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചത് ഗ്രാമീണ മേഖലകളിലെ റോഡ് നവീകരണപ്രവര്‍ത്തനങ്ങ ള്‍ മന്ദഗതിയിലാക്കുമെന്ന ആശങ്കയുയര്‍ത്തുന്നു. വര്‍ഷങ്ങളായി ത്രിതല പഞ്ചായത്തുകള്‍ക്ക് മൊത്തം വാര്‍ഷിക പദ്ധതി തുകയുടെ 45 ശതമാനം തുക വകയിരുത്തിയിരുന്നു. എന്നാ ല്‍, പുതിയ സര്‍ക്കാര്‍ ഉത്തരവുപ്രകാരം ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് 30 ശതമാനവും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ക്ക് 25 ശതമാനവുമാക്കി വെട്ടിക്കുറയ്ക്കുകയായിരുന്നു.ഇത് ഗ്രാമീണ റോഡ് വികസനങ്ങളെയാണ് കാര്യമായി ബാധിക്കുക. നാളിതുവരെ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ക്ക് 45 ശതമാനം തുക വകയിരുത്തിയതിനാല്‍ നിരവധി ഗ്രാമീണ റോഡുകളുടെ വികസന-പരിഷ്‌കരണ പ്രവൃത്തികള്‍ ഏറ്റെടുത്ത് ഭംഗിയായി ചെയ്യാന്‍ കഴിഞ്ഞിരുന്നു. പഞ്ചായത്ത് ഗ്രാമസഭകളില്‍ സാധാരണയായി ഉയര്‍ന്നുവരുന്ന ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഏറക്കുറേ സാധിച്ചിരുന്നത് ഇതുകൊണ്ടായിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ പുതിയ നിര്‍ദേശമനുസരിച്ച് ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് മാത്രമേ വീതി കുറഞ്ഞ ഗ്രാമീണ റോഡുകളുടെ വികസനപ്രവൃത്തി ചെയ്യാന്‍ സാധിക്കുകയുള്ളൂ. നേരത്തേ സംയുക്ത പ്രൊജക്റ്റുകള്‍ മുഖേന ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് മൂന്നുമീറ്റര്‍ മാത്രം വീതിയുള്ള റോഡുകളുടെ പരിഷ്‌കരണം നടത്താമായിരുന്നു. ഇനി മുതല്‍ ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ക്ക് ആറു മീറ്റര്‍ വീതിയുള്ള റോഡുകള്‍ക്ക് മാത്രമേ ഫണ്ട് വകയിരുത്താന്‍ കഴിയുകയുള്ളൂ. ഇതും ഗ്രാമപ്പഞ്ചായത്ത്് നിയന്ത്രണത്തിലുള്ള വീതി കുറഞ്ഞ റോഡുകള്‍ക്ക് തിരിച്ചടിയാണ്. ഫലത്തില്‍ ഗ്രാമപ്പഞ്ചായത്ത് പരിധിയിലുള്ളതും പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതുമായ ചെറുറോഡുകളുടെ പരിഷ്‌കരണപ്രവൃത്തി നടത്താനാവാതെ ജനപ്രതിനിധികള്‍ വലയും.
Next Story

RELATED STORIES

Share it