kasaragod local

ത്രിതല പഞ്ചായത്തുകളില്‍ സത്യപ്രതിജ്ഞ 19ന്

കാസര്‍കോട്: തദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 19ന് നടക്കും. നഗരസഭകളില്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് 18നാണ് നടക്കുക. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 19ന് രാവിലെ 11ന് നടക്കും. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് രണ്ടിന് ശേഷമാണ് നടക്കുക. നഗരസഭകളില്‍ 18ന് രാവിലെ 11ന് ചെയര്‍മാന്‍ തിരഞ്ഞെടുപ്പും ഉച്ചയ്ക്ക് രണ്ടിന് വൈസ്‌ചെയര്‍മാന്‍ തിരഞ്ഞെടുപ്പും നടക്കും.
തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും 12ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ജില്ലയില്‍ ഭരണ സമിതിയുടെ കാലാവധി നവംബര്‍ 11 വരെ പൂര്‍ത്തിയാക്കാത്ത പൈവളികെ ഗ്രാമപ്പഞ്ചായത്തിലെ പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ ഡിസംബര്‍ ഒന്നിനാണ് സത്യ പ്രതിജ്ഞ ചെയ്യുക. ഗ്രാമ -ബ്ലോക്ക്-ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലിന്റേയും കാര്യത്തില്‍ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത് ബന്ധപ്പെട്ട വരണാധികാരിയാണ്.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗത്തെ നാമ നിര്‍ദേശം ചെയ്തിട്ടുള്ള ഉദ്യോഗസ്ഥര്‍ കണ്ടുപിടിച്ച് ആ അംഗത്തോട് നിശ്ചയിക്കപ്പെട്ട തീയ്യതികളില്‍ പ്രതിജ്ഞയെടുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹാജരാവാന്‍ രേഖാമൂലം നിര്‍ദേശിക്കും. ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്,മുനിസിപ്പല്‍ കൗണ്‍സിലുകള്‍ 12ന് രാവിലെ 10നാണ് സത്യപ്രതിജ്ഞ നടപടികള്‍ ആരംഭിക്കുക.
സത്യ പ്രതിജ്ഞ ചടങ്ങുകള്‍ക്ക് ഗ്രാമപ്പഞ്ചായത്ത് തലത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരും ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍മാരും (ജനറല്‍), നഗര സഭാതലത്തില്‍ അതാത് സെക്രട്ടറിമാരും ജില്ലാ പഞ്ചായത്ത് തലത്തില്‍ ജില്ലാ കലക്ടര്‍മാരുമാണ് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുക. സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞാലുടന്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും ആദ്യയോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും.
Next Story

RELATED STORIES

Share it