Cricket

തോല്‍വിശാപം മാറാതെ പഞ്ചാബ്; ബംഗളൂരുവിന് 10 വിക്കറ്റ് ജയം

തോല്‍വിശാപം മാറാതെ പഞ്ചാബ്; ബംഗളൂരുവിന് 10 വിക്കറ്റ് ജയം
X


ഇന്‍ഡോര്‍: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് വമ്പന്‍ ജയം. 10 വിക്കറ്റിനാണ് കോഹ്‌ലിപ്പട പഞ്ചാബിനെ മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 15.1 ഓവറില്‍ 88 റണ്‍സിന് കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗളൂരു 8.1 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 92 റണ്‍സ് നേടി വിജയം അക്കൗണ്ടിലാക്കുകയായിരുന്നു. വിരാട് കോഹ്‌ലി ( 28 പന്തില്‍ 48), പാര്‍ഥിവ് പട്ടേല്‍ (22 പന്തില്‍ 40) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങാണ് ബംഗളൂരുവിന് അനായാസ ജയം സമ്മാനിച്ചത്. കോഹ്‌ലി ആറ് ഫോറും രണ്ട് സിക്‌സറും പറത്തിയപ്പോള്‍ ഏഴ് ഫോറുകളായിരുന്നു പാര്‍ഥിവിന്റെ സമ്പാദ്യം.ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പഞ്ചാബിന് ഭേദപ്പെട്ട തുടക്കമാണ് കെ എല്‍ രാഹുലും ( 15 പന്തില്‍ 21) ക്രിസ് ഗെയ്‌ലും ( 14 പന്തില്‍ 18) ചേര്‍ന്ന് സമ്മാനിച്ചത്. പതിയെ ആക്രമിച്ച് തുടങ്ങിയ രാഹുല്‍ മൂന്ന് സിക്‌സറുകള്‍ പറത്തി ബംഗളൂരു ബൗളര്‍മാരെ വിറപ്പിച്ചെങ്കിലും ഉമേഷ് യാദവിന് മുന്നില്‍ കീഴടങ്ങി. രാഹുല്‍ മടങ്ങുമ്പോള്‍ 4.3 ഓവറില്‍ 36 റണ്‍സായിരുന്നു പഞ്ചാബിന്റെ സമ്പാദ്യം. പിന്നീട് വന്നവരെല്ലാം ഗാലറിയിലേക്ക് ഘോഷയാത്ര നടത്തുന്ന കാഴ്ചയ്ക്കാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആദ്യ ഓവറില്‍ ഉമേഷ് യാദവിന്റെ പന്തില്‍ പാര്‍ഥിവ് പട്ടേല്‍ വിട്ടുകളഞ്ഞ ഗെയ്‌ലിനെ അഞ്ചാം ഓവറില്‍ ഉമേഷ് സിറാജിന്റെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ തന്നെ കരുണ്‍ നായരെ ( 3 പന്തില്‍ 1) മടക്കി മുഹമ്മദ് സിറാജും കരുത്തുകാട്ടി. വെടിക്കെട്ട് ഓള്‍റൗണ്ടര്‍ മാര്‍ക്ക് സ്‌റ്റോണിസിനെ ( 3 പന്തില്‍ 2)  യുസ്‌വേന്ദ്ര ചാഹല്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് മടക്കിയപ്പോള്‍ മായങ്ക് അഗര്‍വാളിനെ ( 6 പന്തില്‍ 2) കോളിന്‍ ഡി ഗ്രാന്റ്‌ഫോമും പുറത്താക്കി. ആരോണ്‍ ഫിഞ്ച് ( 23 പന്തില്‍ 26) നേരിയ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും മോയിന്‍ അലിയുടെ സ്പിന്‍കെണിയില്‍ വിക്കറ്റ് തുലച്ചു.  നായകന്‍ രവിചന്ദ്ര അശ്വിന്‍  ( 0) റണ്ണൗട്ടായി മടങ്ങിയപ്പോള്‍ ആന്‍ഡ്രൂ ടൈ (0) ഉമേഷിന് മുന്നില്‍ കീഴടങ്ങി. വാലറ്റത്ത് മോഹിത് ശര്‍മയും (3) അങ്കിത് രജപുതും (1) പെട്ടെന്ന് മടങ്ങിയതോടെ പഞ്ചാബിന്റെ പോരാട്ടം 15.1 ഓവറില്‍ 88 എന്ന നാണംകെട്ട സ്‌കോറിലേക്കൊതുങ്ങുകയായിരുന്നു.ബംഗളൂരുവിന് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റുകള്‍ പിഴുതപ്പോള്‍ സിറാജ്, ചാഹല്‍, ഗ്രാന്റ്‌ഹോം, അലി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Next Story

RELATED STORIES

Share it