Sports

തോല്‍വിയില്‍ ഞെട്ടി ബ്രസീലും അര്‍ജന്റീനയും

സാന്റിയാഗോ/ബ്യൂനസ് ഐറിസ്: 2018 റഷ്യ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരത്തില്‍ ലാറ്റിനമേരിക്കന്‍ അതികായന്‍മാരായ ബ്രസീലിനും അര്‍ജന്റീനയ്ക്കും ഞെട്ടിക്കുന്ന തോല്‍വി. ആദ്യ യോഗ്യതാ മല്‍സരങ്ങളില്‍ ബ്രസീലിനെ കോപ അമേരിക്ക ജേതാക്കളായ ചിലിയും അര്‍ജന്റീനയെ ഇക്വഡോറുമാണ് അട്ടിമറിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീലും അര്‍ജന്റീനയും എതിരാളികള്‍ക്കു മുന്നില്‍ പരാജയം ഏറ്റുവാങ്ങിയത്.
സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും നെയ്മറും ഇല്ലാതെയാണ് അര്‍ജന്റീനയും ബ്രസീലും ലോകകപ്പ് യോഗ്യതാ മല്‍സരത്തിലെ ആദ്യ പോരിനിറങ്ങിയത്. മിന്നും താരങ്ങളുടെ അഭാവം ഇരു ടീമിനും തിരിച്ചടിയായി.

15 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ബ്രസീലിനെ ചിലി വീഴ്ത്തുന്നത്. എഡ്വാര്‍ഡോ വാര്‍ഗസും അലെക്‌സിസ് സാഞ്ചസുമാണ് സ്വന്തം തട്ടകത്തില്‍ ചിലിക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. ഗോള്‍രഹിത ആദ്യ പകുതിക്കു ശേഷമായിരുന്നു ചിലിയുടെ രണ്ട് ഗോളുകളും. 72ാം മിനിറ്റിലാണ് വാര്‍ഗസ് ലക്ഷ്യംകണ്ടതെങ്കില്‍ കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് സാഞ്ചസ് ചിലിയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്.

സസ്‌പെന്‍ഷനെ തുടര്‍ന്നാണ് ബ്രസീലിയന്‍ താരം നെയ്മറിന് ചിലിക്കെതിരായ മല്‍സരം നഷ്ടമായത്. കക്കയെ ടീമിലുള്‍പ്പെടുത്തിയിരുന്നെങ്കിലും ബ്രസീല്‍ കോച്ച് ദുംഗ കളത്തിലിറക്കിയിരുന്നില്ല. മല്‍സരത്തിനിടെ പരിക്കേറ്റ് ബ്രസീലിയന്‍ ഡിഫന്‍ഡര്‍ ഡേവിഡ് ലൂയിസ് കളംവിട്ടിരുന്നു. ഹള്‍ക്കിനെ മുന്നില്‍ നിര്‍ത്തി കളത്തിലിറങ്ങിയ മഞ്ഞപ്പടയുടെ നീക്കം ചിലിക്കെതിരേ പാളുകയായിരുന്നു. കൗണ്ടര്‍ അറ്റാക്കുകളിലൂടെ ഗോള്‍ നേടാനുള്ള ബ്രസീലിന്റെ ശ്രമങ്ങളെല്ലാം ചിലി ഗോളി ക്ലോഡിയോ ബ്രാവോ പരാജയപ്പെടുത്തുകയും ചെയ്തു.

മാറ്റിയാസ് ഫെര്‍ണാണ്ടസിന്റെ ഫ്രീകിക്കില്‍ നിന്നാണ് വാര്‍ഗസ് കളിയില്‍ ചിലിയുടെ ആദ്യ ഗോള്‍ നേടിയത്. മികച്ച മുന്നേറ്റത്തിനൊടുവിലാണ് സാഞ്ചസിന്റെ ഗോള്‍. അതേസമയം, പരിക്കേറ്റ മെസ്സിയുടെ അഭാവത്തില്‍ കളത്തിലിറങ്ങിയ അര്‍ജന്റീന സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇക്വഡോറിനോട് തകര്‍ന്നടിയുകയായിരുന്നു. രണ്ടാംപകുതിയിലാണ് അര്‍ജന്റീനയ്‌ക്കെതിരേ ഇക്വഡോര്‍ രണ്ടു തവണ നിറയൊഴിച്ചത്.

ഫ്രിക്‌സണ്‍ എറാസോയും (81ാം മിനിറ്റ്) ഫെലിപെ സായിസെഡോയുമാണ് (82) ഇക്വഡോറിനു വേണ്ടി ലക്ഷ്യംകണ്ടത്. 24ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോ പരിക്കേറ്റ് പുറത്തു പോയത് മല്‍സരത്തില്‍ അര്‍ജന്റീനയ്ക്ക് വന്‍ തിരിച്ചടിയാവുകയായിരുന്നു. അര്‍ജന്റീനയെ അവരുടെ തട്ടകത്തില്‍ ആദ്യമായാണ് ഇക്വഡോര്‍ വീഴ്ത്തുന്നത്.

ലാറ്റിനമേരിക്കയിലെ മറ്റു യോഗ്യതാ മല്‍സരങ്ങളില്‍ ഉറുഗ്വേ 2-0ന് ബൊളീവിയയെയും കൊളംബിയ ഇതേ സ്‌കോറിന് പെറുവിനെയും പരാഗ്വേ 1-0ന് വെനീസ്വേലയെയും പരാജയപ്പെടുത്തി. ബൊളീവിയക്കെതിരേ മാര്‍ട്ടിന്‍ കസേറസും (10ാം മിനിറ്റ്) ഡീഗോ ഗോഡിനുമാണ് (69) ഉറുഗ്വേയ്ക്കു വേണ്ടി വലചലിപ്പിച്ചത്. ടിയോഫിലോ ഗുട്ടിറസും (35ാം മിനിറ്റ്) എഡ്‌വിന്‍ കാര്‍ഡോണയുമാണ് (90) പെറുവിനെതിരേ കൊളംബിയക്കു വേണ്ടി ഗോള്‍ നേടിയത്.
Next Story

RELATED STORIES

Share it